FLASH NEWS

6/recent/ticker-posts

കോടികൾ പൊടിച്ച് സർക്കാർ ; 'കേരളീയം' പരിപാടിയുടെ പ്രചാരണത്തിന് മാത്രം വകയിരുത്തിയത് നാല് കോടിയോളം രൂപ

തിരുവനന്തപുരം : കേരളത്തിന്‍റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കാൻ സംസ്ഥാന സര്‍ക്കാർ സംഘടിപ്പിക്കുന്ന 'കേരളീയം' പരിപാടിയുടെ പ്രചാരണത്തിന് മാത്രം വകയിരുത്തിയത് നാല് കോടിയോളം രൂപ. മീഡിയ സെന്‍ററുകൾ സജ്ജമാക്കുന്നത് മുതൽ ആര്‍ട്ടിഫിഷ്യൽ ഇൻ്റലിജൻസ് അവതാര്‍ വരെ ഒരുക്കിയാണ് വമ്പൻ പ്രചാരണം. രണ്ട് ലക്ഷത്തിന് ഒരു കൗണ്ടര്‍, അവിടെ രണ്ട് ലക്ഷം ചെലവിൽ കമ്പ്യൂട്ടര്‍, 25000 രൂപക്ക് ഇന്‍റര്‍നെറ്റ്, മീഡിയ സെന്‍ററിൽ ഇരിക്കുന്നവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും 11 ലക്ഷം ചെലവാക്കാം. ദില്ലി ദേശീയ അന്തര്‍ ദേശീയ മീഡിയ ഡെസ്കും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി മൂന്ന് ലക്ഷം വേറെയും.

ഓട്ട് ഡോര്‍ പബ്ലിസിറ്റിയും ഔട്ട് ഓഫ് ബോക്സ് കാമ്പെയിനും ഓൺലൈൻ കോണ്ടസ്റ്റും അടക്കം വിവിധ തലക്കെട്ടുകളിലാണ് കേരളീയത്തിന്‍റെ പ്രചാരണത്തിന് പണം അനുവദിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ പുഷിംഗ് ആന്റ് പ്രമോഷൻ എന്ന പേരിൽ മാത്രം 30 ലക്ഷത്തി 50000 രൂപയുണ്ട്. ഡിജിറ്റൽ മാര്‍ക്കറ്റിംഗിന് 15 ലക്ഷം, കേരളീയം പേജ് പ്രമോഷന് 50000 രൂപ, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും കൈകാര്യം ചെയ്യാൻ ആറ് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.  സെലിബ്രിറ്റികൾക്ക് ഒപ്പം ആര്‍ട്ടിഫിഷ്യൽ ഇൻ്റലിജൻസ് അവതാര്‍ 10 എണ്ണമുണ്ട്. 3 ലക്ഷമാണ് ഇതിന്റെ ബജറ്റ്.

കേരളീയം ഹോര്‍ഡിംഗ്സുകൾ സ്ഥാപിക്കാൻ 50 ലക്ഷവും മൊബൈൽ ഡിസ്പ്ലെ വാനുകൾ ഓടിക്കാൻ 3 ലക്ഷത്തി 15 ആയിരവും അനുവദിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഡിസൈനിംഗ് ചെലവും സാംസ്കാരിക പരിപാടികളുടെ പ്രചാരണ ചെലവും വിവിധ കേന്ദ്രങ്ങളിൽ പ്രചാരണം നടത്താൻ കുടുംബശ്രീക്ക് നൽകുന്നതും എല്ലാം ചേര്‍ത്ത് മറ്റ് ചെലവുകൾക്കുമായി  1 കോടി 85ലക്ഷത്തി 75000 രൂപയും അനുവദിച്ചിട്ടുണ്ട്. പ്രചാരണത്തിന്‍റെ ആകെ ചുമതല പിആ‌ർഡിക്കാണ്. സിഡിറ്റും ഇനം തിരിച്ചുള്ള ജോലികൾക്ക് പുറത്ത് നിന്നുള്ള ഏജൻസികളും നൽകിയ ബജറ്റ് കൂടി അംഗീകരിച്ചാണത്രെ പ്രാഥമിക ചെലവ് കണക്കാക്കിയതും തുക അനുവദിച്ചതും.

Post a Comment

0 Comments