പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ കുഴികളിൽ നിന്ന് കമ്പികളും പുറത്തേക്ക്.മഴ തുടങ്ങിയപ്പോൾ തന്നെ പാലത്തിൽ നിരവധി കുഴികളാണ് രൂപപ്പെട്ടത്. തുടർന്ന് ഓരോ ദിവസവും കുഴിയുടെ ആഴം കൂടി പല കുഴികളിൽനിന്നും കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലായി.
2018-ൽ പാലം ഉദ്ഘാടനം ചെയ്ത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കുഴികളും എക്സ്പാൻഷൻ ജോയന്റുകളിലും വിള്ളലും തുടങ്ങിയിരുന്നു. അത് അഞ്ചാം വർഷത്തിലേക്ക് കടന്നിട്ടും എല്ലാം പഴയപടിയിൽ തന്നെ തുടരുകയാണ്.
ഉദ്ഘാടനം കഴിഞ്ഞശേഷം വർഷങ്ങളായി പാലത്തിൽ കുഴിയടയ്ക്കൽ യജ്ഞമായിരുന്നു.അതിനിടയിൽ 2021 ഡിസംബറിൽ മൂന്നാഴ്ച പാലം പൂർണമായി അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തി. തുടർന്ന് മാസങ്ങൾക്കുള്ളിൽ തന്നെ കുഴികൾ നിറയുന്ന കാഴ്ചയാണ് കണ്ടത്.
കുഴികളും സ്പാനുകളുടെ അടിയിലും തൂണുകളിലും വിള്ളലും ഉണ്ടായതോടെ പലതവണ വിദഗ്ധർ സന്ദർശിച്ച് അപാകങ്ങൾ പരിഹരിക്കാൻ നിരവധി തവണ നിർദേശങ്ങൾ നൽകിയിരുന്നു.
അതിനിടയിൽ 2020-ൽ പാലം നിർമാണത്തിനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ച് വിജിലൻസ് സംഘം സന്ദർശിച്ച് പ്രാഥമിക നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ ആ അന്വേഷണഫലം എന്താണെന്നുപോലും പിന്നീട് ആരും അറിഞ്ഞില്ല.
പാപ്പിനിശ്ശേരി മേൽപ്പാലത്തിന് സമാനമായ അപാകമാണ് താവം പാലത്തിനുമുള്ളത്.അപകടങ്ങൾ നിറഞ്ഞ ഇരു മേൽപാലങ്ങളും ഇനിയും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാത്തതും വലിയ ചർച്ചയാണ്. കുഴികൾ നിറഞ്ഞ പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം നാട്ടുകാർ വാഴ നട്ടും പ്രതിഷേധിച്ചിരുന്നു.
0 Comments