ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സാ രംഗത്ത് ഏറ്റവും നൂതനവും അത്യപൂര്‍വ്വവുമായ ചികിത്സാ രീതിയായ റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ 70 വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചെടുത്തു. ഉത്തര മലബാറിലെ ഏറ്റവും വലിയ ശ്വാസകോശരോഗ ചികിത്സാ വിഭാഗമായ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗത്തിലെ നാല് പള്‍മണോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ റിജിഡ് ബ്രോങ്കോസ്‌കോപ്പി കേരളത്തില്‍ തന്നെ അത്യപൂര്‍വ്വമായി മാത്രമേ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുള്ളൂ.
ശ്വാസകോശരോഗ ചികിത്സയില്‍ പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ബ്രോങ്കോസ്‌കോപ്പി, ഈ രീതിയുടെ കൂടുതല്‍ പരിഷ്‌കരിക്കപ്പെട്ട മാര്‍ഗ്ഗമാണ് റിജിഡ് ബ്രോങ്കോസ്‌കോപ്പി. ശ്വാസകോശത്തിനകത്തെ ശ്വാസനാളികളിലുണ്ടാകുന്ന ട്യൂമറുകളെയും, കുടുങ്ങിക്കിടക്കുന്ന അന്യവസ്തുക്കളെയുമൊക്കെ റിജിഡ് ബ്രോങ്കോസ്‌കോപ്പി വഴി നീക്കം ചെയ്യുന്ന രീതിയാണിത്. ശ്വാസനാളിയില്‍ കുടുങ്ങിയ അന്യവസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് അപൂര്‍വ്വമായി നേരത്തെ റിജിഡ് ബ്രോങ്കോസ്‌കോപ്പി ഉത്തര മലബാറില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ശ്വാസനാളിയിലെ മുഴ നീക്കം ചെയ്യാനായി ഈ സംവിധാനം ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ്.
ശക്തമായ ചുമയും, രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയുമായാണ് 70 വയസ്സുകാരന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. വിശദമായ പരിശോദനയില്‍ ശ്വാസകോശത്തിനകത്ത് ട്യൂമര്‍ ബാധിച്ചിരിക്കുന്നതായി കണ്ടെത്തി. അതീവ ഗൗരവതരമായ രോഗാവസ്ഥയായതിനാല്‍ തുറന്നുള്ള ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കൂടിയാലോചിക്കുകയും റിജിഡ് ബ്രോങ്കോസ്‌കോപ്പിയുടെ സാധ്യതയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് ഏറ്റവും ഉചിതമായ രീതി റിജിഡ് ബ്രോങ്കോസ്‌കോപ്പിയാണെന്ന് നിശ്ചയിക്കുകയും രോഗിയുടെ ബന്ധുക്കളെ പറഞ്ഞ് മനസ്സിലാക്കുകയുമായിരുന്നു.
ഏതാണ്ട് 3 മണിക്കൂറോളം സമയമെടുത്താണ് റിജിഡ് ബ്രോങ്കോസ്‌കോപ്പി പൂര്‍ത്തിയാക്കിയത്. മറ്റ് രീതികളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതവും, അതിവേഗമുള്ള സുഖപ്രാപ്തിയുടെ റിജിഡ് ബ്രോങ്കോസ്‌കോപ്പിയുടെ പ്രധാന സവിശേഷതകളാണ്. മുറിവുകളോ പാടുകളോ ഇല്ലാത്തതിനാല്‍ അണുബാധ സംഭവിക്കാനുള്ള സാധ്യത ഒട്ടും തന്നെ ഇല്ല എന്നുള്ളതും വളരെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ നേടാമെന്നതും താരതമ്യേന കുറഞ്ഞ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതും മറ്റ് സവിശേഷതകളാണ്.
ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം ഡോക്ടര്‍മാരായ വിഷ്ണു ജി കൃഷ്ണൻ, (ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ്), ശ്രീജിത്ത് എം ഒ (ഹെഡ് പൽമണറി മെഡിസിൻ ഡിപ്പാർട്മെന്റ് )അമിത് ശ്രീധരൻ, അവിനാശ് മുരുകൻ, പി ആർ ഒ നസീർ അഹമ്മദ് സി പി എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments