തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ വീണ്ടും മോഷണം. ഒ വി റോഡ് സംഗമം കവലയിലെ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും നഷ്ടമായി. ഉസ്താദ് സിദ്ധിഖ് സഖാഫി പുലർച്ചെ നിസ്കാരത്തിനു ശേഷം പുറത്തു പോയ സമയത്തായിരുന്നു മോഷണം നടന്നത്. തിരികെ വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പൂട്ടിയ മുറിയുടെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത നിലയിലായിരുന്നു. മുറിയിലുണ്ടായിരുന്ന വസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന നാൽപ്പതിനായിരം രൂപയും റാഡോ വാച്ചുമാണ് മോഷ്ടാവ് കൊണ്ടു പോയത്. പള്ളിയുടെ നവീകരണത്തിനായി ശേഖരിച്ച പണമാണ് മോഷണം പോയത്. ഉസ്താദിന്റെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അടുത്തിടെ തലശ്ശേരിയിലും സമീപത്തുമായി മോഷണങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസവും പൂട്ടിയിട്ട വീട്ടിൽ കവർച്ച നടന്നിരുന്നു.
0 Comments