തിരുവനന്തപുരം: അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഒരുമാസത്തെ കുടിശ്ശിക നൽകാൻ ധനവകുപ്പ് തീരുമാനം. 2000 കോടിയുടെ വായ്പയെടുത്ത് ക്രിസ്മസിന് മുൻപ് തുക ലഭ്യമാക്കാനാണ് നടപടി. ഡിസംബര്‍ കൂടി ചേര്‍ത്താൽ അഞ്ച് മാസത്തെ കുടിശികയാണ് ക്ഷേമ പെൻഷൻ വിതരണത്തിൽ നിലവിലുള്ളത്. ഇതിൽ ഓഗസ്റ്റ് മാസത്തെ പെൻഷനാണ് ക്രിസ്മസിന് മുൻപ് ഗുണഭോക്താക്കൾക്ക് എത്തിക്കുന്നത്. നിലയില്ലാക്കയത്തിലെന്ന പോലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്രയധികം കുടിശിക വന്നത്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 3140 കോടി രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ തൽക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. ഇതോടെ 2000 രൂപയുടെ കടപത്രം അടിയന്തിരമായി ഇറക്കാൻ ധനവകുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്.
രണ്ട് മാസത്തെ പെൻഷൻ നൽകാനായേക്കുമെന്ന് കരുതിയിരുന്നെങ്കിലും മറ്റ് അത്യാവശ്യ ചെലവുകൾക്ക് കണ്ടെത്തേണ്ട തുക കൂടി കണക്കിലെടുത്താണ് ഒരു മാസത്തെ മാത്രം കുടിശിക നൽകാൻ തീരുമാനിച്ചത്. നവകേരള സദസ്സ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ജൂലൈയിലെ കുടിശ്ശിക നൽകിയത്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയ 50 ലക്ഷത്തോളം പേരാണ് പെൻഷൻ പട്ടികയിൽ നിലവിലുള്ളത്. കേന്ദ്ര നടപടിയിൽ താൽകാലിക ആശ്വാസം ആയെങ്കിലും സാമ്പത്തിക വര്‍ഷാവസാന ചെലവുകൾ സര്‍ക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയായി തുടരുകയാണ്. കടമെടുക്കാൻ ബാക്കിയുള്ളത് 3000 കോടിയും ചെലവിന് കണ്ടെത്തേണ്ടത് 30000 കോടിയും എന്ന അവസ്ഥയിലാണ് ഖജനാവ്. അതായത് നവകേരള സദസ് തീർന്ന് ഈ വർഷം പിന്നിടുമ്പോഴും പാവങ്ങൾ പെൻഷൻ കുടിശ്ശികക്കായി ഇനിയും കാത്തിരിക്കണം.
0 Comments