ഇൻഡിഗോ വിമാന യാത്രാ പ്രതിസന്ധിയിൽ സി ഇ ഒ പീറ്റർ എൽബേഴ്സ് കുറ്റസമ്മതം നടത്തി. കണക്കുകൂട്ടലുകൾ പിഴച്ചെന്നാണ് ഇൻഡിഗോ സി ഇ ഒയുടെ കുറ്റസമ്മതം. വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇൻഡിഗോ സി ഇ ഒ കുറ്റ സമ്മതം നടത്തിയത്. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ് ഡി ടിഎൽ) ചട്ടങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് സി ഇ ഒ പീറ്റർ എൽബേഴ്സ് സമ്മതിച്ചതായാണ് റിപ്പോർട്ട്. പുതിയ സമയക്രമത്തിനനുസരിച്ച് ജീവനക്കാരെ നിയമിച്ചില്ലെന്നും സർവീസുകൾ കൂട്ടിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം വിശദീകരിച്ചതായാണ് വിവരം. കുറ്റസമ്മതത്തിന് പിന്നാലെയാണ് ഡി ജി സി എ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സി ഇ ഒ പീറ്റർ എൽബേഴ്സിനെതിരെ കടുത്ത നടപടി ഉറപ്പാണെന്നാണ് വ്യോമയാന മന്ത്രാലയത്തിൽ നിന്നും പുറത്തുവരുന്ന വാർത്ത. ഡി ജി സി എ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയുണ്ടാകും. ഇൻഡിഗോക്ക് നൽകിയ ഇളവുകൾ ഫെബ്രുവരി 10 വരെ മാത്രമാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ന് കൂടുതൽ സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ കമ്പനി അറിയിച്ചു
0 Comments