വാരം : കവർച്ചയ്ക്കിടെ പരുക്കേറ്റ് ചികിത്സയിലിരിക്കെ ആയിഷ മരിച്ച സംഭവത്തിൽ അതിഥിത്തൊഴിലാളികളായ 3 പേരെ കസ്റ്റഡിയിലെടുത്തതായി സിറ്റി പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറിയിച്ചു. അസം സ്വദേശികളായ ഇവർ ആയിഷയുടെ വീടിനു മുന്നിൽ പുതുതായി പണിയുന്ന വീട്ടിലെ തൊഴിലാളികളാണ്. പൈപ്പ് വെള്ളം നൽകാത്തതിന് ഇവർ ആയിഷയുമായി വാക്കേറ്റം നടത്തിയിരുന്നു. നെഞ്ചിന് ഏറ്റ ചവിട്ടാണു ആയിഷയുടെ മരണകാരണമെന്നും ഇൻസ്പെക്ടർ പറഞ്ഞു. ആയിഷയുടെ ഇരു ചെവിക്കും 5 സെന്റി മീറ്റർ നീളത്തിൽ മുറിവു സംഭവിച്ചിട്ടുണ്ട്. വാരിയെല്ല് പൊട്ടിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇൻസ്പെക്ടർ പറഞ്ഞു.
അതെ സമയം ആയിഷയുടെ മരണ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ 23നു പുലർച്ചെയാണ് ആയിഷ അക്രമത്തിന് ഇരയായത്. പ്രാർഥന നടത്താൻ വേണ്ടി എഴുന്നേറ്റ ഇവർ വീട്ടിനകത്തെ പൈപ്പിൽ നിന്നു വെള്ളം കിട്ടാതെ വന്നപ്പോൾ പിന്നിലെ വാതിൽ തുറന്നു പുറത്ത് ഇറങ്ങിയ സമയത്താണ് കവർച്ച നടന്നത്. പരുക്കേറ്റ ആയിഷയുടെ നിലവിളി കേട്ട് അയൽവാസിയായ ഇബ്രാഹിം ആണ് ആദ്യം ഓടി എത്തിയത്.വീടിന്റെ പിറകിൽ ആയിഷ വീണു പിടയുകയായിരുന്നു എന്ന് ഇബ്രാഹിം പറഞ്ഞു. കാതുകൾ രണ്ടും അറ്റു തൂങ്ങുകയും മുഖത്ത് ചോര കല്ലിക്കുകയും പല്ലുകൾ ഇളകിയ നിലയിലും ആയിരുന്നു. വാരിയെല്ലുകൾക്കു ഉൾപ്പെടെ ശക്തമായ ക്ഷതം സംഭവിച്ചതായി കണ്ണൂർ മിംസ് ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അക്രമികളുമായി നടത്തിയ മൽപിടിത്തത്തിലാണ് പരുക്കു പറ്റിയത് എന്നാണ് അയൽക്കാരുടെ സംശയം. ആരോഗ്യ നില കൂടുതൽ വഷളായതോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെയാണു മരിച്ചത്. രണ്ടു നിലകൾ ഉള്ള ഓടിട്ട വീട്ടിൽ തനിച്ചാണ് ആയിഷ താമസിച്ചിരുന്നത്. ഒട്ടേറെ വീടുകൾക്ക് മധ്യത്തിലാണ് ആയിഷയുടെ വീട്. മിക്ക വീടുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കവർച്ച നടന്ന് 6 ദിവസമായിട്ടും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്ക്കെത്തിയ പൊലീസ് നായ വീടിനു മുന്നിലെ വഴിയിലൂടെ വയൽ ഭാഗത്തേക്കാണ് പോയത്. ഈ ഭാഗത്ത് വീടുകൾ കുറവാണ്.ഇതിനാൽ പ്രദേശത്തെ കുറിച്ച് വ്യക്തമായ വിവരം ഉള്ളവരാണ് കവർച്ച നടത്തിയതെന്നാണ് സൂചന. കൂടാതെ വീട്ടിനകത്തു സൂക്ഷിച്ച പണമോ ആഭരണമോ നഷ്ടപ്പെട്ടിട്ടില്ല എന്ന് ആയിഷയുടെ അടുത്ത ബന്ധുക്കൾ പറഞ്ഞു. ഇവരുടെ കാതിൽ 2 വീതം കമ്മലുകൾ ഉണ്ടായിരുന്നു. ഇതിൽ മുകളിലത്തെ കമ്മൽ മാത്രമാണ് നഷ്ടപ്പെട്ടത്. ഇതിൽ ഒന്ന് സംഭവം നടന്ന സ്ഥലത്തുനിന്നു തന്നെ പൊലീസിന് ലഭിക്കുകയും ചെയ്തു. ആയിഷയുടെ വീടിനു മുൻപിൽ മറ്റൊരു വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ ജോലിക്കെത്തുന്ന അതിഥിത്തൊഴിലാളികളിൽ ചിലരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ എത്തി അന്വേഷണം നടത്തി. സിറ്റി പൊലീസ് അസി. കമ്മീഷണർ പി.പി.സദാനന്ദൻ, സിറ്റി പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
0 Comments