FLASH NEWS

6/recent/ticker-posts

ബൈക്ക് മോഷ്ടിച്ച് കണ്ണൂരില്‍ സവാരി; നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍


കൊച്ചി കളമശേരിയിലെ വീടിനു മുന്നിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് ഒരു വര്‍ഷമായി സവാരി നടത്തിക്കൊണ്ടിരുന്ന മോഷ്ടാവ് ഒടുവില്‍ പിടിയിലായി. നിരവധി വാഹനമോഷണ കേസിലെ പ്രതിയാണ് വാഹന പരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായി പിടിയിലായത്. പഴയങ്ങാടിയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്തുവരുന്ന മലപ്പുറം എടവണ്ണ സ്വദേശി താനിയാടന്‍ ഹൗസില്‍ ടി.റിന്‍ഷാദിനെ(23)യാണ് പഴയങ്ങാടി എസ്.ഐ സി.വത്സരാജന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി എരിപുരത്ത് വച്ച് വാഹന പരിശോധന നടക്കുന്നതിനിടെ പോലീസ് കൈകാണിച്ചിട്ടും ഓടിച്ചു പോകാന്‍ ശ്രമിച്ച കെ.എല്‍.39.കെ.9756 നമ്പര്‍ ബൈക്കിനെ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാനിടയാക്കിയത്. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നമ്പര്‍ വ്യാജമാണെന്ന് പോലിസിനു ബോധ്യപ്പെട്ടത്. തുടര്‍ന്ന് ബൈക്കും യുവാവിനെയും പോലിസ് കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയിലാണ് 2020 ജനുവരി 30ന് പുലര്‍ച്ചെ എറണാകുളം കളമശേരി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ചങ്ങമ്പുഴ നഗറിലെ മിര്‍സാന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണെന്ന് മനസിലായത്.

ബൈക്ക് പ്രതി മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കെ.എല്‍.39. കെ.9756 എന്ന വ്യാജ നമ്പര്‍ ബൈക്കില്‍ ഘടിപ്പിച്ചായിരുന്നു സഞ്ചാരം. കഴിഞ്ഞ ഒരുമാസ കാലമായി പഴയങ്ങാടി ഗസ്റ്റ് ഹൗസിനടുത്തുള്ള ഹോട്ടലില്‍ ഇയാള്‍ജോലി ചെയ്തു വരികയായിരുന്നു. ബൈക്ക് മോഷണം പോയതിന് പരാതിയില്‍ കളമശേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. കോഴിക്കോട് കസബ, മലപ്പുറം എടവണ്ണ, നിലമ്പൂര്‍, പോത്തുകല്ലില്‍ മൂന്ന് കേസും ആകെ ആറ് ബൈക്ക് മോഷണ കേസിലെ പ്രതിയാണ് പിടിയിലായ പ്രതി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ രജീഷ്, സിവില്‍ പോലിസ് ഓഫീസര്‍ ചന്ദ്രകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments