ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ചാണ് വീണതെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ് സംശയിക്കുന്നു. മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തി. ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി. മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർന്ന് നടപടികൾ സ്വീകരിക്കും.
ഇന്നലെയാണ് സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണു ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.
ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കി. ഇതോടെയാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്താണു ദിലീപ് ശങ്കറിന്റെ വീട്. സീരിയൽ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളിൽ പലരും വിളിച്ചിട്ടും ദിലീപ് ശങ്കർ ഫോണെടുത്തിരുന്നില്ലെന്നും സീരിയൽ സംവിധായകൻ പറഞ്ഞിരുന്നു.
0 Comments