FLASH NEWS

6/recent/ticker-posts

കവിയും ​ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ്, കവി എന്നീ നിലകളില്‍ പ്രശസ്തനായ ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ വച്ചാണ് അന്ത്യം. സംസ്കാരം നാളെ. കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ പാട്ടുകള്‍ ഒരുക്കി. മലയാള ടെലിവിഷൻ രംഗത്തെ ആദ്യകാല അവതാരകാരിൽ ഒരാളുമാണ്. ഏഷ്യാനെറ്റില്‍ ദീര്‍ഘകാലം ജനപ്രിയ അവതാരകനായിരുന്നു. 

കുട്ടനാട്ടിലെ മങ്കൊമ്പില്‍ 1961 ലാണ് ബീയാര്‍ പ്രസാദിന്‍റെ ജനനം. കലയോടും സാഹിത്യത്തോടും ചെറുപ്പം മുതല്‍ താല്‍പര്യമുണ്ടായിരുന്ന പ്രസാദ് മലയാള സാഹിത്യത്തിലാണ് ബിരുദമെടുത്തത്. 1993 ല്‍ ജോണി എന്ന കുട്ടികളുടെ ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് കടന്നുവന്നത്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു ഈ ചിത്രം. പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ രംഗപ്രവേശം ചെയ്തത് പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2003 ല്‍ പുറത്തെത്തിയ കുളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെയായിരുന്നു. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആയിരുന്നു.

ഒന്നാംകിളി പൊന്നാംകിളി, കസവിന്റേ തട്ടമിട്ട് തുടങ്ങിയ ഗാനങ്ങളൊക്കെ ഇപ്പോഴും ആസ്വാദക മനസ്സുകളിലുണ്ട്. സിബി മലയില്‍ ചിത്രം ജലോത്സവത്തിലെ കേരനിരകളാടും എന്ന് തുടങ്ങുന്ന ഗാനമാണ് ബീയാറിന്‍റെ മറ്റൊരു ജനപ്രിയ ഗാനം. 

അഭിനേതാവ് എന്ന നിലയിലും സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ജി ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത തീര്‍ഥാടത്തില്‍ നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ബീയാര്‍ പ്രസാദ് അവതരിപ്പിച്ചത്. ടെലിവിഷന്‍ അവതാരകനായി സമീപകാലത്തും അദ്ദേഹം സജീവമായിരുന്നു. ഭാര്യ: സനിത പ്രസാദ്. 


Post a Comment

0 Comments