മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തൻവീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ. സിന്ധു(38) ആണ് മരിച്ചത്.
മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എൻ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ആണ്‍സുഹ്യത്ത് അരുണ്‍ വി. നായരുടെ വീട്ടില്‍ വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. അവിവാഹിതനായ അരുണ്‍ മറ്റൊരു വിവാഹം കഴിക്കാൻ നീക്കം നടത്തുന്നുവെന്ന വിവരം യുവതി അറിഞ്ഞിരുന്നു. ഇതിൻറെ പ്രകോപനത്തിലാണ് യുവതി വീട്ടില്‍ കടന്നുകയറി മുറിയ്ക്കുളളില്‍ മരിച്ചതെന്ന് പൂന്തുറ പോലീസ് പറഞ്ഞു.
അരുണിന്റെ വീട്ടിലെത്തിയ യുവതി കിടപ്പുമുറിയിലേക്ക് തളളിക്കയറി. തടയാൻ ശ്രമിച്ച അരുണിന്റെ വല്യമ്മയെ യുവതി തളളി തറയിലിട്ടു. മുറിക്കുളളില്‍ കയറി കതകടച്ച് കുറ്റിയിട്ടു. വല്യമ്മ ബഹളംവെച്ചെങ്കിലും മുറിതുറന്നിരുന്നില്ല. പിന്നീട് നാട്ടുകാരും പൂന്തുറ പോലീസും സ്ഥലത്തെത്തി മുറി ചവിട്ടി തുറന്നെങ്കിലും യുവതി മരിച്ചിരുന്നു. അരുണിനെ പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു.
അരുണിന്റെ വിവാഹക്കാര്യത്തെച്ചൊല്ലി വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കാറില്‍ വരികയായിരുന്ന അരുണിനെ തടഞ്ഞുനിർത്തിയ യുവതി, ബലമായി കാറിനുള്ളില്‍ക്കയറിയ ശേഷം സീറ്റുകള്‍ കത്തി കൊണ്ട് കുത്തിക്കീറിയിരുന്നു. തടയാൻ ശ്രമിച്ച അരുണിന് ഇടതുകൈയില്‍ കുത്തേല്‍ക്കുകയും അടിപിടിക്കിടെ യുവതിക്ക് പരിക്കേല്‍ക്കുകയുംചെയ്തു.
സ്കൂളില്‍ ഒരുമിച്ച പഠിച്ചിരുന്ന സിന്ധുവും അരുണും പൂർവവിദ്യാർഥി സംഗമത്തില്‍വെച്ച് കണ്ടുമുട്ടിയതോടെയാണ് സൗഹൃദത്തിലായത്. അരുണിനായി യുവതി പലരില്‍നിന്നും കടം വാങ്ങിയിരുന്നതായും പറയുന്നുണ്ട്.
യുവതി ആണ്‍സുഹ്യത്തിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. നിലവില്‍ ആത്മഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത് എസ്.എച്ച്.ഒ. സാജു അറിയിച്ചു. ആത്മഹത്യക്കുറിപ്പോ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. ഫൊറൻസിക്, വിരലടയാള ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. സിന്ധുവിന് ഭർത്താവും രണ്ട് മക്കളുമുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056
0 Comments