കണ്ണൂര്‍:അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയില്‍. കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ് പുറത്ത് വന്നതിന് പിന്നാലെ ഒളിവില്‍ പോയ ആന്റണിയെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹനും സ്ക്വാഡുമാണ് കസ്റ്റഡിയിലെടുത്തത്.
ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം, തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പൊക്കിയത്. കേസില്‍ കമ്ബനി ഡയറക്ടര്‍മാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി, തൃശൂര്‍ വരവൂര്‍ കുന്നത്ത് പീടികയില്‍ കെ.എം. ഗഫൂര്‍, അസി. ജനറല്‍ മാനേജര്‍ ജീന എന്നിവര്‍ ഇതിനകം പിടിയിലായിരുന്നു.
കണ്ണൂര്‍ കേന്ദ്രമായുള്ള അര്‍ബന്‍ നിധി, അനുബന്ധ സ്ഥാപനമായ എനിടൈം മണി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ 350ഓളം പരാതികളാണ് ലഭിച്ചത്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കരുതുന്ന കേസ് ടൗണ്‍ പൊലീസാണ് ആദ്യം അന്വേഷിച്ചിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി നടന്ന തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. 23 കേസുകളാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയത്.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് പണപ്പിരിവ് നടന്നതെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച വിവരം. ചെന്നൈയില്‍നിന്ന് ഉള്‍പ്പെടെയുള്ള പരാതികള്‍ ലഭിച്ചതോടെയാണ് കേസ് ഉന്നത ഏജന്‍സിക്ക് കൈമാറിയത്. 12% പലിശയും സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണു നിക്ഷേപകരെ വലയില്‍ വീഴ്ത്തിയത്. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോകടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്.
2020 ലാണ് കമ്പനി തുടങ്ങിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് വരെ ജീവനക്കാര്‍ക്കു ശമ്ബളവും നിക്ഷേപകര്‍ക്കു പലിശയും കൃത്യമായി നല്‍കിയിരുന്നതായാണു വിവരം. കേസിലെ പ്രതികളായ തൃശ്ശൂര്‍ സ്വദേശി ഗഫൂര്‍, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരെ കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
0 Comments