FLASH NEWS

6/recent/ticker-posts

പിടിച്ചെടുത്ത കോഴിയിറച്ചിയില്‍ ഇ കോളി ബാക്ടീരിയ; നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാവകുപ്പ്

നഗരസഭ ആരോഗ്യവിഭാഗം കളമശേരിയില്‍ പിടിച്ച പഴകിയ കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം. ഭക്ഷ്യസുരക്ഷാവകുപ്പ് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രൊസിക്യൂഷന്‍ നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാവകുപ്പ്.

ഇക്കഴിഞ്ഞ 12നാണ് കളമശേരി നഗരസഭാപരിധിയിലെ കൈപ്പടമുകളിലെ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അനധികൃത ഇറച്ചി വില്‍പനശാലയില്‍ നിന്നാണ് അഞ്ഞൂറ് കിലോയിലധികം വരുന്ന പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കാക്കനാട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ മൈക്രോബയോളജി പരിശോധനയിലാണ് മനുഷ്യജീവനെ അപകടത്തിലാക്കുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സാമ്പിളുകളിലും ഫംഗസ് ബാധയും കണ്ടെത്തി. ഇ കോളി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെയാണ് കാര്യമായി ബാധിക്കുക. 
കളമശേരി നഗരസഭ അധികൃതര്‍ പൊലീസ് സഹായത്തോടെ കൈപ്പടമുകളിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് മാംസം വില്‍പന നടത്തിയതിന്റെ ചില രേഖകള്‍ കണ്ടെത്തിയിരുന്നു. 

ഇവിടെ നിന്ന് കോഴിയിറച്ചി സ്ഥിരമായി വാങ്ങുന്ന ചില ഹോട്ടലുകളുടെ പേരുകള്‍ ലഭിച്ചെങ്കിലും ഡിസംബര്‍ 30ന് ശേഷം വില്‍പന നടത്തിയതിന്റെ രേഖകളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഇത്രയധികം ഇറച്ചി എവിടെ നിന്നാണ് വില്‍പനയ്ക്കായ് സംഭരിക്കുന്നതെന്ന് സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല. അനധികൃതമായി ഇറച്ചി വില്‍പന കേന്ദ്രം നടത്തിയ മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ് ഇപ്പോഴും ഒളിവിലാണ്.

Post a Comment

0 Comments