FLASH NEWS

6/recent/ticker-posts

ദേശീയപാതാ വികസനം; സർവീസ് റോഡുകൾക്ക് വീതി കുറവെന്ന് പരാതി


കരിവെള്ളൂർ : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇരുഭാഗത്തും നിർമിക്കുന്ന സർവീസ് റോഡുകളുടെ വീതി കുറവെന്ന് പരാതി. അഞ്ചുമീറ്റർ മുതൽ അഞ്ചര മീറ്റർ വരെ മാത്രമേ നിർമാണം തുടങ്ങിയ സ്ഥലങ്ങളിൽ സർവീസ് റോഡുകൾക്ക് വീതിയുള്ളൂ. ചിലയിടങ്ങളിൽ വീതി അതിലും താഴെയാണ്.

ജില്ലാ അതിർത്തിയായ ആണൂരിൽ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിന്റെ നിർമാണം പകുതി പൂർത്തിയായി കഴിഞ്ഞു. ഈ ഭാഗത്ത് സർവീസ് റോഡിന് 5.4 മീറ്റർ മാത്രമാണ് വീതിയുള്ളത്. സർവീസ് റോഡ് കഴിച്ച് ബാക്കിയുള്ള ഭാഗത്ത് കോൺക്രീറ്റ് മതിൽ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. 

ദേശീയപാതയുടെ നിർമാണ നിർദേശങ്ങളിൽ സർവീസ് റോഡുകൾക്ക് 6.25 മീറ്റർ വീതിയുണ്ടാകും എന്നു പറയുന്നുണ്ട്. ചെറുവാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും പോകാൻ കഴിയുന്ന രീതിയിലാണ് സർവീസ് റോഡുകളുടെ ഘടന.സ്ഥാനം നിർണയിക്കുമ്പോൾ സംഭവിച്ച അപാകമാണ് സർവീസ് റോഡുകളുടെ വീതികുറയാൻ കാരണമെന്ന് പറയുന്നു.

വീതികുറഞ്ഞാൽ ഗതാഗതം താറുമാറാകും

സർവീസ് റോഡുകളുടെ വീതികുറഞ്ഞത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. വീതികുറവ് മൂലം ഒരുഭാഗത്തേക്ക് മാത്രമേ വാഹനങ്ങൾക്ക് പോകാൻ കഴിയൂ എന്ന സ്ഥിതി വന്നാൽ ‌ഗാതാഗതം താറുമാറാകും. ദേശീയപാതയിൽ ഓണക്കുന്ന് കഴിഞ്ഞാൽ മൂന്ന് കിലോമീറ്റർ അകലെ വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിനു മുന്നിലാണ് അടിപ്പാതയുള്ളത്.

വെള്ളൂരിനും ഓണക്കുന്നിനും ഇടയിലുള്ള ഒരാൾക്ക് തെക്ക് ഭാഗത്തുള്ള പയ്യന്നൂരിലേക്ക് പോകണമെങ്കിൽ വടക്കോട്ട് ഓണക്കുന്നിലേക്ക് വന്ന് അടിപ്പാതയിലൂടെ മറുഭാഗം കടന്ന് പോകേണ്ടിവരും. കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടിവരും. കാലിക്കടവിനും പാലക്കുന്നിനും ഇടയിലുള്ളവർക്കും ഇതേ പ്രയാസമുണ്ടാകും. 

സർവീസ് റോഡുകൾ വഴി ഇരുഭാഗത്തേക്കും ചെറുവാഹനങ്ങളെ കടത്തിവിട്ടാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ഇതിന് റോഡുകൾക്ക് ആവശ്യമായ വീതിയുണ്ടാകണം. നിർമാണസമയത്തുതന്നെ ഇടപെടലുണ്ടായാലേ കാര്യമുള്ളൂ. ഇതിനായി ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



Post a Comment

0 Comments