പിലാത്തറ: അന്വേഷിച്ചിട്ടും കണ്ടെത്താത്ത സാധനം സ്വയം നിർമിച്ച് ഭിന്നശേഷിക്കാരനായ ബഷീർ പാണപ്പുഴ. ചക്ര കസേരയിൽ ജീവിതം തള്ളി നീക്കുന്നവർക്ക് സഞ്ചരിക്കാനുള്ള വാഹനത്തിന് വേണ്ടി രാജ്യത്തിന്റെ പലഭാഗത്തും അന്വേഷിച്ചിട്ടും ഫലം ഇല്ലാതെ വന്നതോടെയാണ് ഇത് സ്വയം നിർമിച്ചത്.
ചക്രക്കസേരയിൽ കഴിയുന്ന ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ ഒട്ടോമാറ്റിക്ക് റാമ്പിലൂടെ ചക്ര കസേരയുമായി വാഹനത്തിൽ കയറാനും ഇറങ്ങാനും ഓടിക്കാനും സാധിക്കുന്നതാണ് ഈ വാഹനം. കൈകൾക്ക് സ്വാധീനം ഇല്ലാവർക്ക് പിറകിൽ ചക്ര കസേരയിൽ ഇരുന്ന് മറ്റൊരാളുടെ സഹായത്തോടെ യാത്ര ചെയ്യാനും ഷോപ്പിങ്ങിനും മറ്റും സാധിക്കും.
ഇലക്‌ട്രിക്കൽ എൻജിനിയറിങ് പഠിക്കുന്ന കാലത്ത് നാട്ടിലെ സുഹൃത്തുക്കളുമൊത്ത് ഊട്ടി- കൊടൈക്കനാൽ യാത്ര പോയി വരുമ്പോൾ പാലക്കാട് നടന്ന അപകടത്തിൽ സുഷുമ്‌ന നാഡിക്ക് ക്ഷതം സംഭവിച്ചാണ് ജീവിതം ചക്ര കസേരയിലായത്. 15 വർഷമായി ഇലക്‌ട്രോണിക്‌സ് - ഇലക്‌ട്രിക്കൽ റിപ്പയറിങ് ജോലികൾ നടത്തി വരികയാണ്.
0 Comments