FLASH NEWS

6/recent/ticker-posts

കടമ്പൂർ ഹൈസ്കൂളിലെ വ്യാജ പോക്സോ കേസ്; അധ്യാപകനെ തിരിച്ചെടുക്കാതെ മാനേജ്മെൻ്റ്

കണ്ണൂർ: കടമ്പൂർ ഹൈസ്കൂളിലെ വ്യാജ പോക്സോ കേസിൽ അധ്യാപകനെ തിരിച്ചെടുക്കാതെ മാനേജ്മെൻ്റ്. അധ്യാപകനായ പി ജി സുധിയാണ് ഒരു വർഷമായി സസ്പെൻഷനിൽ കഴിയുന്നത്. തിരിച്ചെടുക്കണമെന്നുള്ള ഡിഡിഇ ഉത്തരവും പാലിക്കുന്നില്ല. സസ്പെൻഷൻ കാലയളവിലെ ഉപജീവന ബത്തയും തടഞ്ഞു. വിജിലൻസിൽ പരാതി നൽകിയതിന് ശേഷമാണ് തനിക്കെതിരെ വ്യാജ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നതെന്ന് പി ജി സുധി പറഞ്ഞു. 2022 ൽ ആണ് സംഭവം. സ്കൂളിലെ ക്രമക്കേടുകൾ തുറന്നുകാട്ടിയായിരുന്നു അധ്യാപകൻ വിജിലൻസിന് പരാതി നൽകിയത്. അധ്യാപകനെതിരെ വ്യാജ മൊഴി രേഖപ്പെടുത്തി. 15 ദിവസത്തിനകം തിരിച്ചെടുക്കണമെന്ന ഉത്തരവ് ആണ് മാനേജ്മെൻ്റ കാറ്റിൽ പറത്തുന്നത്.

സംഭവത്തിൽ അമ്മയ്ക്കും പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റിനുമെതിരെ കേസെടുത്തിരുന്നു. അധ്യാപകനെ പുറത്താക്കുന്നതിനായി സ്കൂൾ മാനേജ്മെന്റ് നിർദേശപ്രകാരമാണ് കുട്ടിയുടെ അമ്മ പരാതി നൽകിയതെന്ന് പൊലീസ് അറിയിച്ചു. ഫുട്ബോൾ കോച്ചിം​ഗിന് എത്തിയ വിദ്യാർഥിനികൾ വസ്ത്രം മാറുന്ന മുറിയിൽ എത്തി അധ്യാപകൻ ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്നായിരുന്നു പരാതി നൽകിയിരുന്നത്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അധ്യാപകൻ ഒരു വർഷമായി സസ്പെൻഷനിൽ കഴിയുകയാണ്.

Post a Comment

0 Comments