FLASH NEWS

6/recent/ticker-posts

10 ലക്ഷം രൂപയുടെ ബസ് ഷെല്‍ട്ടർ മോഷണം പോയി: അന്വേഷണം ആരംഭിച്ച് പോലീസ്


ബംഗളൂരു: റെയില്‍പ്പാളം മോഷ്ടിച്ച് കടത്തിയെന്ന വാർത്ത ഏതാനും മാസം മുമ്പാണ് ബിഹാറില്‍ നിന്നും പുറത്ത് വരുന്നത്. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കായിരുന്നു മോഷണം പോയത്. മോഷണം നടത്തിയ പ്രതികളെ പിടിച്ചതായുള്ള വാർത്തകള്‍ ഇതുവരെ പുറത്ത് വന്നില്ലെങ്കിലും സംഭവം ദേശീയ തലത്തില്‍ തന്നെ വലിയ വാർത്തയായി. ഇപ്പോഴിതാ സമാനമായ മറ്റൊരു മോഷണം ബെംഗളൂരുവില്‍ നടന്നിരിക്കുകയാണ്.

ബംഗളൂരുവില്‍ മോഷ്ടാക്കള്‍ കൊണ്ടു പോയത് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമാണ്. കണ്ണിംഗ്‌ഹാം റോഡിൽ ഒരാഴ്ച മുമ്പ് സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം പത്ത് ലക്ഷം രൂപ വരുന്ന കേന്ദ്രത്തിന്റെ ഭൂരിഭാഗവും സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചായിരുന്നു നിർമ്മിച്ചത്.

സംഭവത്തിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. സി സി ടി വി ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം കാണാതായതിനെ തുടർന്ന് ബി എം ടി സി ബസ് ഷെൽട്ടർ നിർമാണത്തിന്റെ ചുമതലയുള്ള കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൻ രവി റെഡ്ഡി സെപ്റ്റംബർ 30 ന് പൊലീസില്‍ പരാതി നല്‍കുന്നതോടെയാണം സംഭവം പുറംലോകം അറിയുന്നത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് (ബിഎംടിസി) ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം അപ്രത്യക്ഷമാകുന്നത് സിലിക്കൺ സിറ്റിയിൽ ഒറ്റപ്പെട്ട സംഭവമല്ല. മാർച്ച് മാസത്തില്‍ എച്ച് ആർ ബി ആർ ലേഔട്ടിലെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ബസ് സ്റ്റാൻഡ് ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായിരുന്നു.


Post a Comment

0 Comments