FLASH NEWS

6/recent/ticker-posts

വിറ്റുപോകാത്ത ലോട്ടറിയിലൂടെ കോടിപതിയായി കച്ചവടക്കാരൻ

കോഴിക്കോട് : വിറ്റുപോകാത്ത ഏഴ് ഫിഫ്റ്റി -ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകളുടെ നഷ്ടങ്ങളുടെ ആശങ്കയിലായിരുന്ന ഗംഗാധരൻ. പക്ഷേ ഫലം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം കോടിപതിയായി. പിന്നീട് സന്തോഷ നിമിഷങ്ങൾ. വിറ്റുപോകാത്ത ലോട്ടറി ടിക്കറ്റിലൂടെ ഭാഗ്യദേവത കടാക്ഷിച്ചതിൻ്റെ ആഹ്ളാദത്തിലാണ് അത്തോളി വേളൂരിലെ ലോട്ടറി ഏജൻ്റ് എൻ.കെ. ഗംഗാധരൻ. അത്തോളി ഗ്രാമപഞ്ചായത്തിന് സമീപം വേളൂരിൽ കഴിഞ്ഞ നാല് വർഷമായി ദേവികാ സ്‌റ്റോഴ്സ് ലോട്ടറി ഏജൻസി നടത്തി വരികയാണ് ഗംഗാധരൻ. കഴിഞ്ഞ ബുധനാഴ്ച ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകളുടെ ഏഴ് ടിക്കറ്റുകൾ വിറ്റുപോകാതെ ബാക്കിയായി. പലരെയും സമീപിച്ചെങ്കിലും ഈ ടിക്കറ്റുകൾ ആർക്കും വേണ്ടായിരുന്നു. നഷ്ടം വരുമല്ലോ എന്ന ആശങ്കയിലായിരുന്നു ഗംഗാധരൻ. പക്ഷേ ആശങ്ക കൂടുതൽ സമയം നീണ്ടു നിന്നില്ല. ഫലപ്രഖ്യാപനം വന്നപ്പോൾ ഗംഗാധരൻ്റെ ആശങ്കകൾ ആഹ്ളാദത്തിന് വഴിമാറി.

ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒന്നാം സമ്മാനം തന്നെ തേടിയെത്തിയത് ഒരു നിമിഷം ഗംഗാധരന് വിശ്വസിക്കാനായില്ല. ആരോടും ഈ വിവരം ആദ്യമൊന്നും പറഞ്ഞില്ല. പിന്നീട് നമ്പർ ഒത്ത് നോക്കി ഉറപ്പാക്കിയ ശേഷം എസ്.ബി.ടിയുടെ അത്തോളി ശാഖയിൽ ലോട്ടറി ടിക്കറ്റ് കൈമാറി. അതിന് ശേഷം മാത്രമാണ് നാട്ടുകാരുടെ ഗംഗാധരേട്ടൻ എന്ന 72 വയസ്സുകാരൻ കോടിപതിയായ വിവരം പുറത്തറിയുന്നത്. ഫിഫ്റ്റി ഫിഫ്റ്റിയിലൂടെ ആറ് പേർക്ക് അയ്യായിരം രൂപയുടെ സമ്മാനവും ഇത്തവണ ഗംഗാധരൻ വിറ്റ ടിക്കറ്റിലൂടെ ലഭിച്ചു. 33 വർഷകാലം അത്തോളി - കൊളത്തൂർ - ഉള്ളിയേരി റൂട്ടിലെ സ്വകാര്യ ബസ്സിലെ കണ്ടക്ടർ ആയിരുന്നു ഗംഗാധരൻ. നാല് വർഷം മുമ്പാണ് വീടിന് സമീപത്തായി വേളൂർ അങ്ങാടിയിൽ കട തുടങ്ങുന്നത്. തനിക്ക് 500ൽ കൂടിയ തുക ലോട്ടറി അടിക്കുന്നത് ആദ്യമായാണെന്ന് ഗംഗാധരൻ പറഞ്ഞു. നാട്ടുകാർക്ക് മധുരം വിതരണം ചെയ്താണ് ഇദ്ദേഹം സന്തോഷം ആഘോഷിച്ചത്.

Post a Comment

0 Comments