FLASH NEWS

6/recent/ticker-posts

ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ജോലി ചെയ്യുമ്പോള്‍ നിങ്ങളില്‍ സംഭവിക്കുന്നത്

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ബ്രേക്ക്ഫാസ്റ്റ് ആണെന്ന് പറയുന്നത് നിങ്ങളെല്ലാം കേട്ടിരിക്കും. മിക്കവാറും പേരും ഇക്കാര്യം മനസിലുറപ്പിച്ചാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് പോലും. ഇത് കഴിച്ചില്ലെങ്കില്‍ എന്തോ വലിയ പ്രശ്നമാണെന്ന ധാരണ മാത്രം. അതേസമയം എന്തുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റ് ഇത്ര പ്രധാനമാകുന്നതെന്നോ, എന്തെല്ലാമാണ് അതിന് കാരണമായി വരുന്നതെന്നോ ഒന്നും അറിയില്ല. 

ഇവിടെയിപ്പോള്‍ എന്തുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ആകുന്നതെന്നും, എന്താണ് അതിനുള്ള കാരണങ്ങളെന്നുമാണ് പരിശോധിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് അഥവാ ബ്രേക്ക്- ദ- ഫാസ്റ്റ്...

ബ്രേക്ക്ഫാസ്റ്റ് എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ 'ഫാസ്റ്റ്' (വ്രതം) 'ബ്രേക്ക്' (നിര്‍ത്തുന്നു) നിര്‍ത്തുന്നു എന്നതാണ്. അതായത്- രാത്രിയില്‍ മണിക്കൂറുകളോളം ഒന്നും കഴിക്കാതെ തുടരുകയാണ് നമ്മള്‍. ഇതൊരു വ്രതം പോലെ കണക്കാക്കിയാല്‍ അതിന് അവസാനം വരുന്നത് രാവിലെയാണ്. ദീര്‍ഘസമയത്തെ പട്ടിണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നു. ശരീരം ആര്‍ത്തിയോടെ അത് കാത്തിരിക്കുകയാകാം. 

ഏറ്റവും നല്ല- പോഷകപ്രദമായ, വൃത്തിയുള്ള ഭക്ഷണമാണ് ഈ സമയത്ത് നമ്മള്‍ ശരീരത്തിന് നല്‍കേണ്ടത്. ബ്രേക്ക്ഫാസ്റ്റ് മറ്റ് ഏത് സമയത്തെക്കാളും ശരീരത്തെ പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കും. അതിനാല്‍ ഹെല്‍ത്തിയായ ബ്രേക്ക്ഫാസ്റ്റ് തന്നെ തെരഞ്ഞെടുക്കുക. 

ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുമ്പോള്‍...

ഇന്ന് മിക്കവരും തിരക്കുകളുടെ പേരില്‍ ദിവസത്തില്‍ ആദ്യമേ ചെയ്യുന്നൊരു കാര്യം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കലാണ്. എന്നാല‍ിത് ആ ദിവസത്തെ മുഴുവനുമായി തന്നെ ബാധിക്കുകയാണ് ചെയ്യുക. 

ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് അസ്വസ്ഥത, ദേഷ്യം, ശ്രദ്ധയില്ലായ്മ, ആലസ്യം, മടി എന്നിവയിലേക്കെല്ലാം നമ്മെ നയിക്കും. സ്വാഭാവികമായും ഇതൊരു ദിവസത്തെ മുഴുവൻ ഉത്പാദനക്ഷമതയെയും ബാധിക്കുന്നതാണ്. അതിനാല്‍ തന്നെ തിരക്കുകളുടെ പേരില്‍ ബ്രേക്ക്ഫാസ്റ്റ് മാറ്റിവയ്ക്കുമ്പോള്‍ അത് തുടര്‍ന്ന് ചെയ്യുന്ന ജോലികളെയെല്ലാം മോശമായാണ് ബാധിക്കുക. 

ജോലിയില്‍ മന്ദത, ഉത്പാദനക്ഷമത കുറവ്, ശ്രദ്ധയില്ലായ്മ മൂലം തെറ്റ് സംഭവിക്കല്‍, ആലസ്യവും ക്ഷീണവും അസ്വസ്ഥതയും മൂലം ജോലിയന്തരീക്ഷം നെഗറ്റീവ് ആയി മാറല്‍ എന്നിങ്ങനെ പലവിധ പ്രയാസങ്ങളാണ് വ്യക്തി നേരിടേണ്ടി വരിക.

ശാരീരികം മാത്രമല്ല മാനസികമായും ബാധിക്കാം...

ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് ശരീരത്തെയും മനസിനെയും ഒരുപോലെയാണ് ബാധിക്കുന്നത്. ഗ്യാസ്ട്രബിള്‍- അനുബന്ധപ്രശ്നങ്ങള്‍ എല്ലാം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍ സഹജമാണ്. ഇത് ശീലമാകുമ്പോള്‍ എത്രമാത്രം പ്രയാസങ്ങള്‍ വരുമെന്നത് പറയേണ്ടല്ലോ. 

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമാണ്. ഹെല്‍ത്തിയായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവരിലാണ് കൂടുതലും പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച വണ്ണം കാണാറ്.

ഇത്തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ക്ക് പുറമെ മാനസികപ്രശ്നങ്ങളിലേക്കും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് നമ്മെ നയിക്കാം. ഓര്‍മ്മ, ശ്രദ്ധ, പഠിക്കാനുള്ള കഴിവ്, പ്രശ്നപരിഹാരത്തിനുള്ള കഴിവ് എന്നിങ്ങനെ തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളെ അതായത് മാനസികാരോഗ്യത്തെയും ഇത് അലട്ടുന്നു. ഒപ്പം തന്നെ ബ്രേക്ക്ഫാസ്റ്റ് പതിവായി കഴിക്കാത്തവരില്‍ മൂഡ് പ്രശ്നങ്ങളും വ്യാപകമായി കണ്ടുവരുന്നുണ്ട്. 

ഒരുപാട് അളവില്‍ കഴിക്കുകയെന്നതല്ല. മറിച്ച് ആരോഗ്യകരമായ സമഗ്രമായ - അല്ലെങ്കില്‍ ബാലൻസ്ഡ് ആയ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയെന്നതാണ് ലക്ഷ്യമാക്കേണ്ടത്.

Post a Comment

0 Comments