FLASH NEWS

6/recent/ticker-posts

ഓണ്‍ലൈന്‍ തട്ടിപ്പ്: യുവാവിന്റെ അക്കൗണ്ടില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു


കണ്ണൂര്‍: പൊതുമേഖലാ ബാങ്ക് ജീവനക്കാരി ആണെന്ന വ്യാജേന യുവാവിനെ വിളിച്ച് അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് 270000 രൂപ. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. രൂപാലി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ യുവാവിന്റെ നമ്പറിലേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ മെയ് 26-ന് ഉച്ചയോടെ വിളിക്കുകയായിരുന്നു .

 യുവാവിന് ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്നും അത് ഉപയോഗിക്കുന്നില്ലെന്നും ക്യാന്‍സല്‍ ചെയ്യണമെന്നും അവരോട് പറഞ്ഞപ്പോള്‍ അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം യുവാവിന്റെ ഫോണിലേക്ക് വന്ന ഒരു ഒ ടി പി അവര്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്നാണ് യുവാവിന് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്. അതിനു ശേഷം ആ സ്ത്രീ വീണ്ടും വിളിക്കുകയും നഷ്ടപ്പെട്ട തുക ക്ലീയര്‍ ചെയ്യുവാന്‍ ഒടിപി പറഞ്ഞു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം യുവാവ് ഒ ടി പി പറഞ്ഞു കൊടുത്തു. പിന്നീട് അക്കൗണ്ടിലേക്ക് നഷ്ടപ്പെട്ട തുകയേക്കാള്‍ കൂടുതല്‍ തുക ക്രെഡിറ്റ് ആയി. തുക ക്രെഡിറ്റായ കാര്യം അവരോട് പറഞ്ഞപ്പോള്‍ അത് ഭാവിയില്‍ ഉപയോഗിക്കാനാണ് എന്ന് പറയുകയും ആ തുക ഇപ്പോള്‍ വെണ്ടെന്ന് പറഞ്ഞപ്പോള്‍ അത് ക്ലീയര്‍ ചെയ്യാന്‍ അടുത്ത ഒരു ഒടിപി കൂടി ആവശ്യപ്പെടുകയായിരുന്നു . തുടര്‍ന്നാണ് 270000 രൂപ നഷ്ടമായത്. പിന്നീട് യുവാവ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഇതിനിടെ മറ്റൊരുസംഭവത്തില്‍ ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുകണ്ണൂര്‍ പയ്യാമ്പലം സ്വദേശിയായ യുവാവിനെയും കബളിപ്പിച്ചു പണം തട്ടിയെടുത്തു. 110518 രൂപയാണ് യുവാവിന് നഷ്ടമായത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. സമാനമായ തട്ടിപ്പില്‍ ധര്‍മ്മടം സ്വദേശിയായ യുവാവിന് 14000 രൂപ നഷ്ടമായിട്ടുണ്ട്. ഇയാളുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്.

മോഹനവാഗ്ദാനങ്ങള്‍ നല്‍കി പലതവണകളായി ഓരോ ടാസ്‌ക് നല്‍കിയാണ് തട്ടിപ്പിനിരയാക്കുന്നത്. ടാസ്‌ക് ചെയ്യുന്നതിനായി നിശ്ചിത പണം നല്‍കിയാല്‍ ടാസ്‌ക് പൂര്‍ത്തീകരിച്ചതിന് ശേഷം പണം ലാഭത്തോടെ തിരിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിക്കുകയായിരുന്നു. ഇതില്‍ താല്‍പര്യം അറിയിച്ചാല്‍ അതിനോട് അനുബന്ധിച്ച ലിങ്കുകളും മറ്റും അയച്ചുതന്ന് ടാസ്‌ക് ആരംഭിക്കാന്‍ ആവശ്യപ്പെടും. തുടക്കത്തില്‍ ലാഭത്തോട് കൂടി പണം തിരികെ നല്‍കുമെങ്കിലും പിന്നീട് ടാസ്‌ക് ചെയ്യുന്നതിന് വേണ്ടി കൂടുതല്‍ പണം ആവശ്യപ്പെടുകയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്യുന്നു.

ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലര്‍ക്കും മനസ്സിലാകുന്നത്.അപ്പോഴേക്കും ഒരു നല്ല തുക അക്കൗണ്ടില്‍ നിന്നും നഷ്ടമായിരുന്നു. വാട്‌സ്ആപ്പ് ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ കോളുകളോ ലഭിച്ചാല്‍ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുതെന്നും സൈബര്‍ പൊലിസ് മുന്നറിയിപ്പുനല്‍കി.




Post a Comment

0 Comments