കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിന്‍റെ മൊഴി. ഈ മാസം ഏഴിന് കാണാതായ കുറ്റിക്കാട്ടൂര്‍ വെളിപറമ്പ് സ്വദേശി സൈനബയെ (57) കാണാതായ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലുള്ള യുവാവിന്‍റെ മൊഴി. സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മൊഴി.
ഇതേതുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ കോഴിക്കോട് കസബ പൊലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചു. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് കസ്റ്റഡിയിലുള്ള യുവാവിന്‍റെ മൊഴി.
എന്നാല്‍, സ്വർണം കളവ് പോയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു.
സൈനബ വധത്തില്‍ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയായ സുലൈമാനും ചേര്‍ന്നാണെന്നാണ് പൊലീസ് എഫ്ഐആര്‍. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് കാറില്‍ പോവുകയായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. പൂര്‍ണമായും ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. സൈനബയെ കാണാതായെന്ന് കാണിച്ച് നേരത്തെ കോഴിക്കോട് കസബ പൊലീസിന് പരാതി ലഭിച്ചിരുന്നു.
0 Comments