കണ്ണൂർ: വയനാട് പെരിയയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കണ്ണൂർ സിറ്റി പൊലീസ്. വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവർക്കായാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്നാണ് നോട്ടീസ്.
രാവിലെ ഒൻപത് മണിയോടെ മാവോയിസ്റ്റ് വനിതകൾ നഗരത്തിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് തലശ്ശേരിയില്‍ പൊലീസ് പരിശോധന നടത്തി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, കടൽപ്പാലം, കടൽത്തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം പൊലീസ് നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്.
കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും കൺട്രോൾ റൂമുകളും ജാഗ്രത പാലിക്കാനും ജില്ല പൊലീസ് മേധാവിമാരുടെ നിർദ്ദേശമുണ്ട്. പൊലീസുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തിലെ (കബനിദളം) പ്രവർത്തകരാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നാണ് വിവരം.
0 Comments