ചിലര്‍ക്ക് ശീതളപാനീയങ്ങള്‍ കഴിക്കാതിരിക്കാൻ സാധിക്കാറില്ല. എന്നുവച്ചാല്‍ എല്ലാ ദിവസവുമെന്ന പോലെ ശീതളപാനീയങ്ങള്‍ കഴിക്കുന്നവര്‍. ഒരു 'അഡിക്ഷൻ' തന്നെയാണ് ഇതും. എന്നാല്‍ ഇങ്ങനെ പതിവായി ശീതളപാനീയങ്ങള്‍ കഴിക്കുന്നത് നിങ്ങളെ അല്‍പാല്‍പമായി കൊന്നുകളയുകയാണ് ചെയ്യുന്നത്. മിക്കവരും ഇതെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം. ശീതളപാനീയങ്ങള്‍ - അതും സോഡ പോലുള്ളവ- എന്നുവച്ചാല്‍ കാര്‍ബണേറ്റഡായ ശീതളപാനീയങ്ങള്‍ ആണ് ഏറ്റവും അപകടം. എന്തെല്ലാമാണ് ഇത് ആരോഗ്യത്തോട് ചെയ്യുന്നത് എന്ന് കൂടി മനസിലാക്കൂ.
ഒന്ന്...
ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്ന ആരോഗ്യപ്രശ്നമാണ് വണ്ണം കൂടുന്നുവെന്നത്. ഇതുതന്നെയാണ് ശീതളപാനീയങ്ങല്‍ പതിവായി കഴിക്കുന്നത് കൊണ്ടുള്ളൊരു ദോഷം. ശീതളപാനീയങ്ങളില്‍ അടങ്ങിയിട്ടുള്ള ഷുഗര്‍ ആണ് ഇതിന് കാരണമാകുന്നത്. അത്രമാത്രം ഷുഗര്‍ ആണ് ഇവയിലെല്ലാമുള്ളത്. ഉയര്‍ന്ന കലോറിയാണ് ശീതളപാനീയത്തില്‍ മധുരത്തിനായി ചേര്‍ക്കുന്ന ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പും മറ്റ് മധുരങ്ങളും കൂടിച്ചേര്‍ന്നുണ്ടാക്കുന്നത്.
രണ്ട്...
ഇത്രകണ്ട് മധുരം എന്ന് പറയുമ്പോള്‍ തന്നെ അതുണ്ടാക്കുന്ന അടുത്ത അപകടം ഊഹിക്കാമല്ലോ. പ്രമേഹം അഥവാ ഷുഗര്‍ തന്നെ രണ്ടാമത്തെ വെല്ലുവിളി. അല്ലെങ്കിലേ ഇന്ത്യ ലോകത്തിന്‍റെ പ്രമേഹ- ക്ലബ്ബ് എന്നാണ് അറിയപ്പെടുന്നത്. അത്രമാത്രം പ്രമേഹരോഗികളാണ് ഓരോ വര്‍ഷവും ഇവിടെ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുട്ടികളില്‍ പോലും പ്രമേഹത്തിന് വലിയ സാധ്യത സൃഷ്ടിക്കുന്ന ഒന്നാണ് ശീതളപാനീയങ്ങള്‍.
മൂന്ന്...
സോഡ കലര്‍ന്ന പാനീയങ്ങള്‍ ഏതുമാകട്ടെ, അവയുടെ പതിവായ ഉപയോഗം തീര്‍ച്ചയായും പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. ഇനാമല്‍ കേടായിപ്പോകാനും, പല്ലിന് പോടുണ്ടാകാനും, പല്ല് പൊട്ടിപ്പോകാനുമെല്ലാം ഇത് കാരണമാകും.
നാല്...
പല്ലിന്‍റ ആരോഗ്യം ബാധിക്കപ്പെടുന്നത് പോലെ തന്നെ എല്ലുകളുടെ ആരോഗ്യവും ഇതിനാല്‍ ബാധിക്കപ്പെടുന്നു. പല പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന 'ഫോസ്ഫോറിക് ആസിഡ്' നമ്മള്‍ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളിലൂടെ കിട്ടുന്ന കാത്സ്യത്തെ ശരീരം സ്വീകരിക്കുന്നതിനെ തടയുന്നു. ഇതാണ് എല്ലുകള്‍ക്ക് 'പണി'യാകുന്നത്.
അഞ്ച്...
ഹൃദയാരോഗ്യത്തെയും പതിവായ ശീതളപാനീയങ്ങളുടെ ഉപയോഗം ബാധിക്കാം. മധുരം അമിതമാകുന്നത് ബിപി (രക്തസമ്മര്‍ദ്ദം)യിലേക്ക് നയിക്കുകയും അത് ഹൃദയത്തെ ബാധിക്കുകയുമാണ് ചെയ്യുന്നത്.
ആറ്...
കരളിന്‍റെ ആരോഗ്യവും ശീതളപാനീയങ്ങളുടെ അമിതോപയോഗം മൂലം ബാധിക്കപ്പെടാം. ശരീരത്തിലെത്തുന്ന ഷുഗറിനെ ദഹിപ്പിച്ചെടുക്കേണ്ട ബാധ്യത കരളിനാണ്. എന്നാല്‍ മധുരം അനിയന്ത്രിതമായി അകത്തെത്തുമ്പോള്‍ സ്വാഭാവികമായും കരളിന് സമ്മര്‍ദ്ദമേറുന്നു. ഇത് ക്രമേണ നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പോലുള്ള രോഗത്തിലേക്ക് നയിക്കാം.
ഏഴ്...
ശീതളപാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നവരില്‍ പതിവായി കണ്ടുവരുന്ന മറ്റൊരു പ്രസ്നമാണ് ഉറക്കമില്ലായ്മ, അല്ലെങ്കില്‍ സുഖകരമായ ഉറക്കം ലഭിക്കാത്ത അവസ്ഥ. ഉറക്കം ശരിയായില്ലെങ്കില്‍ അത് ക്രമേണ ഒരുപിടി ശാരീരിക- മാനസിക പ്രശ്നങ്ങളിലേക്കാണ് നമ്മെ നയിക്കുക.
0 Comments