FLASH NEWS

6/recent/ticker-posts

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നദീതീരത്തും മലയോര മേഖലകളിലും അതീവ ജാഗ്രത

മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെയും വടക്കൻ ജില്ലകളില്‍ കനത്ത മഴ തുടരുന്നതിന്റെയും പശ്ചാത്തലത്തിലാണിത്.

മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. സംസ്ഥാനത്തെ ‍ഡാമുകള്‍ തുറന്നുവിട്ടതിനെ തുടർന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

വയനാട്ടിലെ ദുരന്തമേഖലകളിലേക്ക് കര, വ്യോമ, നാവിക സേനകള്‍ രക്ഷാപ്രവർത്തനത്തിനായി തിരിച്ചിട്ടുണ്ട്. ഏഴിമലയില്‍ നിന്നുള്ള നാവിക സംഘവും ദുരന്തഭൂമിയിലേക്ക് എത്തും. വയനാട്ടിലെ മുണ്ടക്കൈ, അകമല, ചൂരല്‍മല മേഖലകളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായിരിക്കുന്നത്. നൂറുകണക്കിന് വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചുപോയി. കാണാതായവ‍ർക്കായി തിരച്ചില്‍ തുടരുകയാണ്. ഇതിനോടകം 50 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണ്.

നദികളിലെ ജലനിരപ്പ് വൻ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജലകമ്മീഷനും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കാളിയാർ, തൃശൂർ ജില്ലയിലെ കീച്ചേരി, പാലക്കാട് ജില്ലയിലെ കൂലന്തോട്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി എന്നീ ജില്ലകളില്‍ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഴക്കെടുതിയുടേയും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പത്തോളം ട്രെയിൻ സർവീസുകള്‍ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments