FLASH NEWS

6/recent/ticker-posts

ഓൺലൈൻ തട്ടിപ്പ്; ഹൈദരാബാദ് സ്വദേശി പിടിയില്‍

കണ്ണൂർ: ഓൺലൈൻ ഓഹരി വ്യാപാരത്തിൽ മികച്ച വരുമാനം വാഗ്ദാനം നൽകി പുതിയതെരു സ്വദേശിയിൽ നിന്ന്‌ 29,25,000 രൂപ തട്ടിയ കേസിൽ ഹൈദരാബാദ് കാലാപത്തർ സ്വദേശി സയ്യിദ് ഇക്ബാൽ ഹുസൈനെ (47) കണ്ണൂർ സൈബർ പൊലീ‌സ് അറസ്റ്റ് ചെയ്തു.

ഓഹരി വ്യാപാരം നടത്താൻ പരാതിക്കാരനെ കൊണ്ട് വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്‌. ടെലഗ്രാം ഗ്രൂപ്പിലൂടെ നിർദേശങ്ങൾ നൽകി ഓരോ തവണ വ്യാപാരം നടത്തുമ്പോഴും ആപ്പിൽ വലിയ ലാഭം കാണിച്ചു. പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ്‌ മനസ്സിലായത്. ഈ ആപ്പിനെതിരെ സംസ്ഥാനത്ത്‌ അഞ്ച്‌ കേസുണ്ട്‌.

ഒരു മാസത്തിനിടെ സയ്യിദ് ഇക്ബാൽ ഹുസൈന്റെ ബാങ്ക്‌ അക്കൗണ്ടിൽ എട്ട് കോടി രൂപയുടെ ഇടപാടാണ്‌ നടന്നത്. തട്ടിയെടുത്ത പണം പ്രതി ഇന്റർനെറ്റ് ബാങ്കിങ് വഴി വിവിധ അക്കൗണ്ടുകളിൽ മാറ്റിയിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമീഷണർ അജിത് കുമാറിന്റെ നിർദേശത്തെ തുടർന്നാണ്‌ സൈബർ പൊലീസ് ഹൈദരാബാദിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments