FLASH NEWS

6/recent/ticker-posts

വിതുമ്പി നാട്; മണ്ണെടുത്ത സ്വപ്നങ്ങള്‍ ബാക്കിയാക്കി മണ്ണോട് ചേരാൻ അര്‍ജുൻ


കർണാ‍ടക ദേശീയപാതയില്‍ മണ്ണിടിഞ്ഞ് മലയാളി ഡ്രൈവറെ കാണാതായി, രക്ഷിക്കണമെന്ന വാർത്തയിലൂടെയാണ് അർ‌ജുനായുള്ള കാത്തിരിപ്പ് ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ തിരികെ വരും, ജീവനോടെ മണ്ണിനടിയിലുണ്ടെന്ന പ്രതീക്ഷയില്‍, പ്രാർത്ഥനയോടെ തെരച്ചില്‍ നടത്തി. പിന്നീട് തെരച്ചില്‍ പുഴയിലേക്കായി. ഓരോ നിമിഷവും പ്രാർ‌ത്ഥനയോടെയാണ് കേരളം മുഴുവൻ അവനായി കാത്തിരുന്നത്. വളരെ പെട്ടെന്നാണ് മലയാളിക്ക് അർജുൻ സഹോദരനും മകനുമൊക്കെയായത്. പല ഘട്ടങ്ങളിലായി തെരച്ചിലുകള്‍ നടത്തിയെങ്കിലും പിന്നീട് ശേഷക്രിയ ചെയ്യാനെങ്കിലും അർജുനെ കിട്ടുമോയെന്നായി ആശങ്ക. 72 ദിവസങ്ങള്‍ക്ക് ശേഷം ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ നിന്നാണ് അർജുന്റെ ചേതനയറ്റ ശരീരം ലഭിച്ചത്.

കുടുംബത്തിന്റെ വേദനയ്‌ക്കൊപ്പം ഓരോ മലയാളിയും പങ്കുച്ചേരുകയാണ്. ‌‌നൂറുക്കണക്കിന് പേരാണ് അവസാനമായി ഒരു നോക്ക് കാണാൻ കണ്ണാടിക്കല്‍ ഗ്രാമത്തിലെ അമരാവതി വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. ജോലിക്ക് പോകാനായി ഇറങ്ങിയ പലരും അർജുന്റെ മൃതദേഹമെത്തുന്നത് അറിഞ്ഞ് ആദരാഞ്ജലി അർപ്പിക്കാനെത്തി. ജീവനോടെ അർജുനെ കിട്ടാൻ പ്രാർത്ഥിച്ചിരുന്നുവെന്നാണ് കോർപറേഷൻ ജീവനക്കാരിയായ രജനി സങ്കടത്തോടെ പറയുന്നത്.

ജോലിക്ക് പോയപ്പോള്‍ വഴിയരികില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടാണ് ചോദിച്ചത്. അർജുനെ കൊണ്ടുവരുന്നുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്. കണ്ടിട്ടേ വരുന്നുള്ളൂവെന്ന് ഭർത്താവിനോട് പറഞ്ഞ് ഇവിടെ നിന്നു. അർജുനെ കിട്ടിയോ എന്നറിയാൻ ഞങ്ങളെല്ലാം ഫോണില്‍ നോക്കി ഇരിക്കുകയായിരുന്നു. ജീവനോടെ മോനെ കിട്ടാൻ പ്രാർത്ഥിച്ചു. സുഹൃത്തുക്കളെല്ലാം അർജുന്റെ കാര്യം പറയും. എന്തു ചെയ്യാൻ അവനെ ദൈവം തന്നില്ല. മൃതദേഹം രാത്രി കൊണ്ടുവന്നാലും അറിയിക്കണേ എന്ന് അർജുന്റെ നാട്ടുകാരനോട് പറഞ്ഞിരുന്നു. എത്ര രാത്രിയായാലും വന്നു കാണുമെന്ന് പറഞ്ഞിരുന്നു. അത്രയ്‌ക്ക് പ്രിയങ്കരനായിരുന്നു അവനെന്ന് രജനി പറഞ്ഞു.

കണ്ണാടിക്കലാണ് സ്ഥലമെന്ന് പറയുമ്ബോള്‍ അർജുന്റെ സ്ഥലമാണോയെന്നാണ് ആളുകള്‍ ചോദിക്കുന്നതെന്ന് നാട്ടുകാർ‌ പറയുന്നു. കൊവിഡ് കാലത്ത് നാട്ടില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു അർജുനെന്നും നാട്ടുകാർ ഓർമിക്കുന്നു. പ്രാരാബ്ധങ്ങള്‍ക്കിടയിലാണ് അർ‌ജുൻ വീടിന്റെ പണി കഴിപ്പിച്ചത്.

തീരാദുഃഖമായി അവസാനമായി ആ വീട്ടിലേക്ക് അർജുനെത്തിയപ്പോള്‍ അമ്മയും ഭാര്യയും സഹോദരങ്ങളും ആർത്ത് കരയുന്നുണ്ടായിരുന്നു. അച്ഛന്റെ വരവ് കാത്തിരുന്ന അർജുന്റെ മകനും സങ്കടക്കാഴ്ചയായി. കുടുംബത്തിനായി ചെറുപ്രായത്തില്‍ വളയം പിടിക്കാനിറങ്ങിയ അർ‌ജുൻ ഇനിയില്ലെന്ന സത്യം വിശ്വസിക്കാനാവാതെ കണ്ണീരിലാഴ്ന്നിരിക്കുകയാണ് അമരാവതി വീട്. ആഗ്രഹിച്ച്‌ പണി കഴിപ്പിച്ച വീട്ടില്‍ കൊതിതീരും വരെ താമസിക്കാനാവാതെ അർജുൻ ഇനി ആ വീടിനോട് ചേർന്ന് അന്ത്യവിശ്രമം കൊള്ളും. പ്രണാമം

Post a Comment

0 Comments