FLASH NEWS

6/recent/ticker-posts

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപ കവര്‍ന്ന സംഭവം:ഒന്നും ഓര്‍മയില്ലെന്ന് സുഹൈല്‍, അടിമുടി ദുരൂഹത


കോഴിക്കോട് എലത്തൂര്‍ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ സ്വകാര്യ ഏജന്‍സിയിലെ രണ്ടു ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. എടിഎമ്മില്‍ പണം നിറക്കാന്‍ ചുമതല ഉണ്ടായിരുന്ന രണ്ടു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. രണ്ട് പേര്‍ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്.

അതേസമയം, കുരുടിമുക്കില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും സ്ഥലത്ത് ഇല്ല. കാറില്‍ രണ്ടുപേര്‍ കയറിയ ഉടനെ തന്നെ മര്‍ദിച്ച് ബോധരഹിതനാക്കി എന്നാണ് സുഹൈലിന്റെ മൊഴി. ബോധം നഷ്ടമായതിനാല്‍ ഒന്നും ഓര്‍മയില്ലെന്നും സുഹൈല്‍ മൊഴി നല്‍കി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

കാറില്‍ നിന്നും ഒരാള്‍ നിലവിളിക്കുന്നത് കേട്ടാണ് കാറിനടുത്തേക്ക് പോയതെന്ന് ദൃക്ഷാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കാറിനകത്ത് യുവാവിനെ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടത്. മുഖത്തും കാറിനകത്തും മുളക്‌പൊടി വിതറിയിരുന്നു. കാറിന്റെ ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. ഒരു വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരുന്നു. റോഡിനോട് ചേര്‍ന്നായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. പൊലീസിനെ അറിയിച്ചു യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു. കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവര്‍ന്നതെന്നുമാണ് യുവാവ് പറയുന്നത്. സ്വകാര്യ എടിഎമ്മില്‍ പണം നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നാണ് യുവാവ് പറയുന്നത്.


Post a Comment

0 Comments