കണ്ണൂർ കളക്ടർ അരുൺ കെ വിജയനെതിരെ നടപടി ഉടൻ ഉണ്ടായേക്കില്ല. അന്വേഷണ ഉദ്യോഗസ്ഥ എ ഗീത ഐഎഎസിന്റെ റിപ്പോർട്ടിൽ കളക്ടർക്ക് ക്ലീൻ ചിറ്റ് നൽകി. ഇതോടെ കളക്ടർക്ക് ദീർഘകാല അവധിയിൽ പ്രവേശിക്കാം. റവന്യൂ മന്ത്രിക്ക് നൽകുന്ന റിപ്പോർട്ടിൽ അരുൺ കെ വിജയനെതിരെ പരാമർശങ്ങളില്ല. പി പി ദിവ്യ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ക്ഷണം നൽകിയിരുന്നില്ലെന്നുമാണ് അരുൺ മൊഴി നൽകിയത്. എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോൾ തനിക്ക് ഇടപെടാൻ കഴിയില്ലായിരുന്നുവെന്നും പ്രോട്ടോക്കോൾ പ്രകാരം തന്നേക്കാൾ മുകളിലുള്ള ആളാണ് എന്ന മൊഴിയും അരുൺ കെ വിജയൻ എ ഗീതയ്ക്ക് നൽകിയിരുന്നു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും. കഴിഞ്ഞ ദിവസം ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എൻഒസി നൽകുന്നതിൽ നവീൻ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്.
0 Comments