FLASH NEWS

6/recent/ticker-posts

ജീവനറ്റ് ജന്മനാട്ടിൽ നവീൻ; വേദന പങ്കുവെച്ച് സഹപ്രവർത്തകർ

എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ നെഞ്ചുലഞ്ഞ് വീടും നാടും. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച അദ്ദേഹത്തിന്റെ മൃതദേഹം കളക്ടറേറ്റിൽ പൊതുദർശനം തുടരുകയാണ്. ഒപ്പം ജോലി ചെയ്തവരും സുഹൃത്തുക്കളും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രം​ഗത്തെ നിരവധി പേരാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ കളക്ടറേറ്റിലെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷമാണ് എഡിഎം നവീൻ ബാബുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 

2 മണിക്ക് മലയാലപ്പുഴയിലെ വീട്ടുവളപ്പിലായിരിക്കും നവീന്റെ സംസ്കാരം. നവീൻ ഒരിക്കലും ഇത്തരത്തിലൊരു അഴിമതി ചെയ്യില്ലെന്നായിരുന്നു സഹപ്രവർത്തകരുടെ സാക്ഷ്യപ്പെടുത്തൽ. പത്തനംതിട്ടയിൽ എഡിഎം ആയി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു നവീൻ. അവിടേക്കാണ് ചേതനയറ്റ ശരീരമായി അദ്ദേഹം മടങ്ങിയെത്തിയത്. പത്തനംതിട്ടയിലെ പാർട്ടി കുടുംബമാണ് നവീന്റേത്.  പത്തനംതിട്ടയിലെ പാർട്ടി തന്നെ അദ്ദേഹം ഒരിക്കലും അഴിമതിക്കാരനായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിരമിക്കാൻ വെറും ഏഴുമാസം മാത്രം അവശേഷിക്കേ, സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള ആ​ഗ്രഹം കൊണ്ടാണ് അദ്ദേഹം പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വാങ്ങിയത്. 

Post a Comment

0 Comments