FLASH NEWS

6/recent/ticker-posts

കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് ‘ബ്രാന്‍ഡഡ്’ അരിഷ്ടം


കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് ‘ബ്രാന്‍ഡഡ്’ അരിഷ്ടം വിപണിയില്‍ ഇടംപിടിക്കുന്നു. 12 ശതമാനം ആല്‍ക്കഹോള്‍ വീര്യമുള്ള അരിഷ്ടമാണ് ലഹരിക്കായി ദുരുപയോഗം ചെയ്യുന്നത്. ബിയറില്‍ ആറുശതമാനവും, കള്ളില്‍ 8.01 ശതമാനവുമാണ് ആള്‍ക്കഹോള്‍ അനുവദിച്ചിട്ടുള്ളത്. കുറഞ്ഞ ചെവലില്‍ ലഹരി തേടുന്നവരെ ലക്ഷ്യമിട്ടുള്ള വിപണനരീതികളാണ് ചില കമ്പനികൾ  സ്വീകരിച്ചിരിക്കുന്നത്.

ചില ബ്രാന്‍ഡഡ് അരിഷ്ടങ്ങള്‍ വ്യാപകമായ മേഖലകളില്‍ കള്ളുഷാപ്പുകളിലും ബിയര്‍-വൈന്‍ പാര്‍ലറുകളിലും കച്ചവടം ഇടിഞ്ഞിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കള്ളുഷാപ്പ് ഉടമകള്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് സ്ഥിരീകരിച്ചിരുന്നു.


അരിഷ്ടനിര്‍മാണത്തിന് ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തില്‍നിന്ന് അനുമതി നേടിയ ചില കമ്ബനികളാണ് ലഹരിവിപണി ലക്ഷ്യമിടുന്നത്. ഗ്രാമപ്രദേശങ്ങളിലെ മുന്‍ ലഹരിക്കടത്തുകാരെയും കച്ചവടക്കാരെയും കണ്ടെത്തി വില്‍പ്പനക്കാരാക്കുന്ന കച്ചവടതന്ത്രമാണ് ഇവര്‍ നടത്തുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി അകലം പാലിക്കാതെയും ഡ്രൈഡേ, സമയനിയന്ത്രണം എന്നിവ കണക്കിലെടുക്കാതെയുമാണ് വില്‍പ്പന.


ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ട് പ്രകാരം ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണത്തിന് മാത്രമാണ് അനുമതിവേണ്ടത്. അരിഷ്ടവില്‍പ്പനയ്ക്ക് എക്‌സൈസിന്റെ ലൈസന്‍സ് വേണമെങ്കിലും കാര്യമായ നിബന്ധനകളില്ലാത്തതിനാല്‍ വേഗം ലഭിക്കും.

ആയുര്‍വേദ അരിഷ്ടങ്ങളുടെ നിര്‍മാണത്തിനും വില്‍പ്പനയ്ക്കും എക്‌സൈസ് അനാവശ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് ഈ മേഖലയിലുള്ളവര്‍ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഇളവുകളാണ് ദുരുപയോഗം ചെയ്യുന്നത്.

Post a Comment

0 Comments