FLASH NEWS

6/recent/ticker-posts

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സാറ്റ്‌ലൈറ്റ് സംവിധാനം വരുന്നു ; പരീക്ഷണം വിജയം

 മെല്‍ബണ്‍ : ലോകമെമ്പാടുമുള്ള കടല്‍ത്തീരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയൊരു വെല്ലുവിളിയാണ്. ബഹിരാകാശത്ത് നിന്ന് അനായാസം ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സാറ്റ്‌ലൈറ്റ് സംവിധാനം വരുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍എംഐടി)യിലെ ഗവേഷകരാണ് ഈ പുതിയ സാറ്റ്‌ലൈറ്റ് ഇമേജിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ബീച്ചുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബഹിരാകാശത്ത് നിന്ന് തിരിച്ചറിയാന്‍ കഴിയുന്ന സാറ്റ്‌ലൈറ്റ് ഇമേജറി ടൂളിന്‍റെ പരീക്ഷണം വിജയിപ്പിച്ചതായി റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മണല്‍, വെള്ളം, പ്ലാസ്റ്റിക് എന്നിവയില്‍ എങ്ങനെയാണ് പ്രകാശം തട്ടി പ്രതിഫലിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സാറ്റ്‌ലൈറ്റ് ഇമേജറി ടൂളാണ് ഓസീസ് ഗവേഷകര്‍ വികസിപ്പിച്ചത്. വിക്ടോറിയയിലെ ഒരു ബീച്ചില്‍ നിക്ഷേപിച്ച 14 ഇനം പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയാണ് പരീക്ഷണം വിജയിപ്പിച്ചത്.

കടലില്‍ ഒഴുകിനടക്കുന്ന വലിയ അളവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഭൂനിരീക്ഷണ ഉപഗ്രഹ സംവിധാനം നിലവിലുണ്ട്. എന്നാല്‍ ഇവയ്ക്ക് ബീച്ചുകളിലെ മണലില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്താന്‍ അത്രയെളുപ്പം കഴിഞ്ഞിരുന്നില്ല. ഇതിനൊരു പരിഹാരമാണ് പുതിയ സാറ്റ്‌ലൈറ്റ് ഇമേജിംഗ് സാങ്കേതികവിദ്യയെന്ന് ആര്‍എംഐടിയിലെ ഗവേഷകര്‍ മറൈന്‍ പൊലൂഷന്‍ ബുള്ളറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അവകാശപ്പെടുന്നു. ബീച്ചുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എളുപ്പം കണ്ടെത്താനും നീക്കം ചെയ്യാനും പുതിയ സാങ്കേതികവിദ്യ സഹായിക്കും. 600 കിലോമീറ്ററിലേറെ ഉയരത്തില്‍ ബഹിരാകാശത്ത് വെച്ച് ഇത്തരത്തില്‍ ബീച്ചുകളിലെ പ്ലാസ്റ്റിക് പുതിയ സാറ്റ്‌ലൈറ്റ് ഇമേജറി സാങ്കേതികവിദ്യ വഴി തിരിച്ചറിയാനാകും. സമാനമായി കാട്ടുതീ കണ്ടെത്താനും മാപ്പിംഗ് ചെയ്യാനുമുള്ള ടൂളും ആര്‍എംഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചിട്ടുണ്ട് എന്ന് ഗവേഷകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

Post a Comment

0 Comments