റിതുവിനെ കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് അടുത്ത ദിവസം തന്നെ അപേക്ഷ നല്‍കും. അതിനിടെ കോടതിയില്‍ നിന്നും പുറത്തിറക്കവെ റിതുവിനു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് കയ്യേറ്റവുമുണ്ടായി.
വടക്കൻ പറവൂരിന് അടുത്ത് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരയാണ് റിതു എന്ന അയല്‍വാസി അതിക്രൂരമായി അടിച്ചുകൊന്നത്. മോട്ടോർ സൈക്കിള്‍ സ്റ്റമ്ബ് ഉപയോഗിച്ചായിരുന്നു ആക്രമണം. അച്ഛനെയും അമ്മയേയും മകളെയുമാണ് റിതു കൊലപ്പെടുത്തിയത്. മരുമകൻ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. അയല്‍വാസികള്‍ തമ്മിലുള്ള തർക്കമായിരുന്നു കൊലയ്‌ക്ക് കാരണം.
ആദ്യം വിനീഷയെയും പിന്നാലെ വേണുവിനെയും ശേഷം ഉഷയെയും ആക്രമിക്കുകയായിരുന്നു. ഒടുവിലാണ് വിനീഷയുടെ ഭർത്താവ് ജിതിന്റെ തലയ്‌ക്കടിച്ചത്. നാല് സെന്റിമീറ്ററോളം ആഴമുള്ള മുറിവുകള്‍ ജിതിനുണ്ട്. വേണുവിന്റെ തലയ്‌ക്ക് പിന്നിലും ഗുരുതരമായി മുറിവേറ്റിരുന്നു. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുവീട്ടില്‍ പൊതുദർശനത്തിന് വച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവരെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും മകളും വെള്ളപുതിച്ച് കിടക്കുന്ന കാഴ്ച നാട്ടുകാരെ മുഴുവൻ സങ്കടത്തിലാഴ്‌ത്തി. വാവിട്ട് കരയുന്ന വിനീഷയുടെ മക്കളെ ആശ്വസിപ്പിക്കാൻ ബന്ധുക്കള്‍ പ്രയാസപ്പെട്ടു. ഇവരുടെ അച്ഛൻ ജിതിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
0 Comments