ദില്ലി: രാജീവ് കുമാർ വിരമിച്ചതിന് പിന്നാലെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കേന്ദ്രസർക്കാർ പുറത്തിറക്കിയേക്കും.
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്. ഈ പാനലിൽ കേന്ദ്രസർക്കാരിന് ഭൂരിപക്ഷം ലഭിക്കുന്നതിനാൽ സ്വതന്ത്ര നിയമനം സാധ്യമല്ലെന്ന് ആരോപിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് മറ്റന്നാൾ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ പുതിയ നിയമനത്തെ എതിർത്തുള്ള രാഹുൽ ഗാന്ധിയുടെ വിയോജന കുറിപ്പ് തള്ളിയാണ് ഗ്യാനേഷ് കുമാറിൻ്റെ നിയമനം.
നേരത്തെ രാജീവ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ഗ്യാനേഷ് കുമാർ. ഇദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായതോടെ ഹരിയാനയിലെ ചീഫ് സെക്രട്ടറി വിവേക് ജോഷിയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചും ഉത്തരവിറക്കിയിട്ടുണ്ട്.
0 Comments