ദില്ലി: മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. കൊളീജീയം ശുപാർശ നൽകി മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരെയും കേന്ദ്രം ജഡ്ജിമാരായി നിയമിച്ചത്.
ചൊവ്വാഴ്ചയാണ് ഇരുവരെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ നൽകിയത്. പുതിയ നിയമമന്ത്രിയായി അർജ്ജുൻ റാം മേഘ് വാളിന നിയമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ശുപാർശ അംഗീകരിച്ചതായുള്ള വിഞ്ജാപനമിറങ്ങുന്നത്. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം വീണ്ടും പൂർണ്ണ അംഗസഖ്യയായ 34-ല്‍ എത്തി.
സുപ്രീംകോടതി അഭിഭാഷകരിൽ നിന്ന് നേരിട്ടാണ് കെ വി വിശ്വനാഥനെ ജഡ്ജി സ്ഥാനത്തേക്ക് ഉയർത്തുന്നത്. 2031 മേയ് 25 വരെയാണ് കാലാവധി. ജസ്റ്റിസ് ജെ ബി പര്‍ദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോൾ കെ വി വിശ്വനാഥൻ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തും.
0 Comments