പറശ്ശിനിക്കടവ്: പാമ്പ് വളർത്തു കേന്ദ്രത്തിലെ 'കാ’ എന്ന് പേരിട്ട പെരുമ്പാമ്പിന് പിറന്നത് 23 മക്കൾ. ഇംഗ്ലീഷ് എഴുത്തുകാരൻ റുഡ്യാർഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്കിലെ പാമ്പിന്റെ പേരോട് കൂടിയ 'കാ' എന്ന പെരുമ്പാമ്പ് ഏപ്രിൽ ഏഴിനാണ് 32 മുട്ടകളിട്ടത്.
പെരുമ്പാമ്പുകൾ അടയിരിക്കാറുണ്ടെങ്കിലും പാമ്പ് വളർത്തുകേന്ദ്രത്തിൽ വിരിഞ്ഞ മുട്ടകളെല്ലാം പ്രത്യേകമായി വിരിയിച്ചെടുക്കുക ആയിരുന്നു. 65 ദിവസത്തിനുശേഷം ജൂൺ 11-നാണ് മുട്ടകൾ വിരിഞ്ഞത്. എല്ലാ കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണ്.
പൈത്തൺ മൊളൂറസ് എന്ന ശാസ്ത്രീയനാമമുള്ള പെരുമ്പാമ്പ് 91 കിലോവരെ ഭാരമുണ്ടാകാറുണ്ട്. ജീവനുള്ള മൃഗങ്ങളെയാണ് ഇവ ആഹാരമാക്കാറുള്ളത്. പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ എന്നിവയാണ് പ്രധാന ആഹാരം. വിഷമില്ലാത്തവയാണ് പെരുമ്പാമ്പുകൾ. ഡിസംബർ- ജനുവരി മാസങ്ങളിലാണ് ഇണ ചേരുന്നത്. 58 മുതൽ 90 ദിവസം വരെ മുട്ട വിരിയാൻ എടുക്കാറുണ്ട്. ഒരു പ്രാവശ്യം 8 മുതൽ 100 വരെ മുട്ടകളിടാറുണ്ട്.
0 Comments