FLASH NEWS

6/recent/ticker-posts

കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ദില്ലി: കേരളത്തിൽ തെരുവുനായയുടെ കടിയേറ്റ് ഓട്ടിസം ബാധിച്ച കുട്ടി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷണം. അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ മാർഗ്ഗങ്ങളിലൂടെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12-ന് വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. കേസിലെ എല്ലാ എതിർകക്ഷികളോടും ജൂലായ് ഏഴിനകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു.

തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് തെരുവുനായയുടെ ആക്രമണത്തിൽ ഓട്ടിസം ബാധിച്ച കുട്ടി നിഹാൽ മരിച്ച കാര്യം അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഇത് നിർഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റിസ്മാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. 

ഹർജി അടിയന്തരമായി പരിഗണിക്കണെമെന്ന് ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ കേരളത്തിൽ തെരുവുനായകളെ വ്യാപകമായി കൊല്ലുകയാണെന്ന് മൃഗസ്നേഹികളുടെ അഭിഭാഷകയും ആരോപിച്ചു. അടിയന്തരമായി ഹർജി കേൾക്കണമെന്ന ആവശ്യം പരിഗണിച്ച് കൊണ്ടാണ് കേസിലെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ദയവധം നടത്താൻ അനുവദിക്കണമെന്ന ആവശ്യത്തിൽ വിശദമായ വാദം ജൂലൈ 12 -ന് കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Post a Comment

0 Comments