FLASH NEWS

6/recent/ticker-posts

ചെറുകുന്ന് ഗവ.ഹൈസ്കൂൾചരിത്ര ഗ്രന്ഥം "വെളിച്ചത്തിലേക്ക്"പ്രകാശനം ചെയ്തു

കണ്ണപുരം: ഒരു നൂറ്റാണ്ട് പിന്നിട്ട ചെറുകുന്ന് ഗവ. ഹൈസ്കൂളിന്റെ ചരിത്ര ഗ്രന്ഥം "വെളിച്ചത്തിലേക്ക് " പ്രകാശനം ചെയ്തു. സാംസ്കാരിക പ്രവർത്തകനും പൂർവ്വ വിദ്യാർത്ഥിയുമായ പി.വി.സുകുമാരൻ ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ടി. തസ്നീമിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. മുൻചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഹസ്സൻ കുഞ്ഞി അധ്യക്ഷത വഹിച്ചു. റിട്ട. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ടി.സി. ഗംഗാധരനാണ് ഗ്രന്ഥം രചിച്ചത്. ഇ മുകുന്ദൻ, എൻ.ശ്രീധരൻ , ആർ. ഹിരേഷ് ,പി.പി.രമാ സുധാകരൻ, രാജേഷ് പാലങ്ങാട്ട്, ടി.സി. ഗംഗാധരൻ , ടി.കെ.ഗോവിന്ദൻ ,എം.കെ.രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. 

1918 ൽ മിഡിൽ സ്കൂളായി ആരംഭിച്ച ചെറുകുന്ന് ഗവ.ഹൈസ്കൂൾ വളർച്ചയുടെ പടവുകൾ താണ്ടി ഇന്നത്തെ നിലയിൽ എത്തിയതിന്റെ പിന്നിൽ തിളക്കമാർന്ന നാഴികക്കല്ലുകളും ഒപ്പം പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. ലോകത്തിന്റെ നാനാ തുറകളിൽ വിവിധ മേഖലകളിലേക്ക് ഒട്ടനവധി വ്യക്തിത്വങ്ങളെ കൈ പിടിച്ചുയർത്തിയ വിദ്യാലയത്തിന്റെ ചരിത്രം ഗ്രന്ഥരൂപത്തിലാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഗ്രന്ഥകർത്താവ് ഏറ്റെടുത്തത്. ഒരു ദശകത്തിലധികകാലത്തെ അന്വേഷണ വഴികളിലൂടെ സഞ്ചരിച്ചാണ് രചയിതാവിന് ചരിത്രം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചത്. പഴയ കാല വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഫോട്ടോകളും വിവരണങ്ങളും നാടിന്റെ ദേശീയ ബോധവും സാംസ്കാരികബോധവും വളർന്നുവന്നതിന്റെ പശ്ചാത്തലവും ഗ്രന്ഥത്തിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട ക്വിറ്റിന്ത്യാ സമരം ഉൾപ്പടെയുള്ള നിർണ്ണായക സമരങ്ങളിൽ ചെറുകുന്ന് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കാളികളായ ചരിത്രം, ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്.

Post a Comment

0 Comments