FLASH NEWS

6/recent/ticker-posts

ചെസ്‌ ലോകകപ്പ്‌ ഫൈനൽ ആദ്യ കളി സമനിലയിൽ

ചെസ്‌ ലോകകപ്പ്‌ ഫൈനലിലെ ആദ്യ കളിയിൽ സമനിലപ്പൂട്ട്‌. ഇന്ത്യയുടെ കൗമാര വിസ്‌മയം ആർ പ്രഗ‍്നാനന്ദ അഞ്ച് തവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്‌നസ്‌ കാൾസനെ തളച്ചു. 35 നീക്കത്തിന് ഒടുവിൽ ഇരുവരും കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുക ആയിരുന്നു.

ഇന്ന്‌ രണ്ടാം മത്സരം നടക്കും. ജയിക്കുന്നവർക്ക്‌ ലോകകപ്പ്‌. മത്സരം സമനില ആയാൽ വിജയിയെ നാളെ ടൈബ്രേക്കർ വഴി നിശ്‌ചയിക്കും. ലോക വേദിയിലെ നിർണായക പോരാട്ടത്തിൽ പതിനെട്ടുകാരന്‌ അമ്പരപ്പോ പരിഭ്രമമോ ഇല്ലായിരുന്നു.

ഒന്നാം റാങ്കുകാരനായ കാൾസനും പ്രഗ‍്നാനന്ദയെ നിസ്സാരനായി കണ്ടില്ല. ഇരുവരും ജാഗ്രതയോടെ തുടങ്ങി അവസാനിപ്പിച്ചു. സെമിയിൽ ലോക മൂന്നാം റാങ്കുകാരനായ ഫാബിയോ കരുവാനയെ തോൽപ്പിച്ചാണ്‌ പ്രഗ‍്നാനന്ദ ആദ്യമായി ഫൈനലിൽ കടന്നത്‌. വിശ്വനാഥൻ ആനന്ദിന് ശേഷം ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരനാണ്‌.


Post a Comment

0 Comments