FLASH NEWS

6/recent/ticker-posts

'ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം'; ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. 76 വർഷംകൊണ്ട് രാജ്യം എത്തിച്ചേർന്ന സ്വന്തമാക്കിയ നേട്ടങ്ങൾ വിശദീകരിച്ച ശേഷം, കഴിഞ്ഞ ഏഴുവർഷത്തെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 

ആയുർദൈർഘ്യത്തിന്റേയും സാക്ഷരതയുടേയും വരുമാനത്തിന്റേയും കാര്യത്തിൽ 1947-നെ അപേക്ഷിച്ച് 2023-ൽ വളരെയേറെ മെച്ചപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ത്യയുണ്ട്. ഇന്ത്യയിലെ ആയുർവേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയിൽ എത്തിനിൽക്കുന്നു. ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണ്. ചെറിയ ഒരു ഘട്ടത്തിലൊഴികെ ജനാധിപത്യ രാജ്യമായി തന്നെ നമ്മൾ നിലകൊണ്ടു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. അതേസമയം, ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു രാഷ്ട്രമെന്ന നിലയിൽ പുതിയ ദിശയിലേക്ക് നീങ്ങിയ പല രാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക സാമൂഹിക ശാസ്ത്ര സാങ്കേതിക മേഖലകളിലെല്ലാം നമ്മൾ ഇനിയുമേറെ മുന്നേറാനുണ്ടെന്ന വസ്തുത കാണാതെ പോകരുതെന്ന് അദ്ദേഹം പറഞ്ഞു. 

സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമായി ചുരുക്കപ്പെടാൻ പാടില്ല. ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും കേരളത്തിന്റെ പ്രത്യേകതകളായിരുന്നു. ഇതിനെ, പിറകോട്ടടിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. അവയെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.

കഴിഞ്ഞ ഏഴുവർഷം കൊണ്ട് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 84 ശതമാനം വർധിച്ചു. പ്രതിശീർഷവരുമാനം 54 ശതമാനത്തിലധികം വർധിച്ചു. കേരളത്തിന്റെ കടത്തെ ജി.എസ്.ടി.പിയുടെ 39 ശതമാനത്തിൽനിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ കഴിഞ്ഞു. സംരംഭകത്വവർഷത്തിൽ ആദ്യത്തെ എട്ടുമാസംകൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാൻ സാധിച്ചു. 8300 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. മൂന്നുലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. ഏഴുവർഷംകൊണ്ട് 85,540 കോടി രൂപയുടെ ഐ.ടി. കയറ്റുമതിയുണ്ടായി. അഞ്ച് വർഷം കൊണ്ട് കിഫ്ബി വഴി 65,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി. ലൈഫ് മിഷനിൽ നാലുലക്ഷത്തിലധികം വീടുകൾ, മൂന്ന ലക്ഷം പട്ടയം, പാവപ്പെട്ടവർക്ക് മൂന്നരലക്ഷം മുൻഗണന റേഷൻ കാർഡുകൾ എന്നിവ വിതരണം ചെയ്തു. ഉൾക്കൊള്ളളലും ഉൾച്ചേർക്കലും മുഖമുദ്രയായ നവകേരളം യാഥാർഥ്യമാവുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. 


Post a Comment

0 Comments