FLASH NEWS

6/recent/ticker-posts

പൊരുതി തോറ്റ് പ്രഗ്നാനന്ദ; കാൾസൺ ലോക ചെസ് ചാമ്പ്യൻ

ബകു: മാഗ്നസ് കാൾസൺ ചെസിന്‍റെ രാജപദവിയിൽ. ടൈബ്രേക്കറിലേക്ക് നീണ്ട ലോക പോരാട്ടത്തിൽ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദയെ വീഴ്ത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ കാള്‍സൺ ജേതാവായത്. 

ടൈബ്രേക്കറിൽ പതിനെട്ടുകാരനായ പ്രഗ്‌നാനന്ദ പൊരുതി തോൽക്കുകയായിരുന്നു. ഒന്നര പോയന്‍റ് നേടിയാണ് കാൾസൺ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. ടൈബ്രേക്കറിലെ ആദ്യ ഗെയിമിൽ കാൾസണായിരുന്നു ജയം. കറുത്ത കരുക്കളുമായാണ് താരം കളിച്ചത്. രണ്ടാം ടൈബ്രേക്കർ സമനിലയിൽ പിരിഞ്ഞു. 

ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന ഗെയിമുകൾ സമനിലയിൽ പിരിഞ്ഞതോടെയാണ് ഫൈനൽ പോരാട്ടം ടൈബ്രേക്കറിലേക്ക് കടന്നത്. ആദ്യ മത്സരം 35 നീക്കങ്ങൾക്ക് ശേഷം സമനിലയിൽ അവസാനിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന ഒരു മണിക്കൂർ മാത്രം നീണ്ട രണ്ടാം മത്സരത്തിൽ 30 നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനില സമ്മതിച്ചു. ആദ്യ ഗെയിമിൽ വെള്ളക്കരുക്കളുമായായിരുന്നു ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ നീക്കങ്ങളെങ്കിൽ രണ്ടാം ഗെയിമിൽ ലോക ഒന്നാം നമ്പറുകാരനായ കാൾസനായിരുന്നു വെള്ളകരുക്കൾ നീക്കിയത്. 

ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ. സെമി ഫൈനലിൽ അമേരിക്കയുടെ ഫാബിയോ കരുവാനയെയാണ് അട്ടിമറിച്ചത്. വിശ്വനാഥന്‍ ആനന്ദിനുശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത്. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ. 


Post a Comment

0 Comments