FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ ചന്ദനവേട്ടക്കിടയിൽ തോക്ക് കണ്ടെത്തി: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


ചന്ദനവേട്ടക്കിടയിൽ നാടൻ തോക്ക് കണ്ടെത്തി. പരിയാരം പാണപ്പുഴയിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് ചന്ദന മുട്ടിയും നാടൻ തോക്കും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടു കൂടിയാണ് സംഭവം നടന്നത്. രഹസ്യവിവരത്തെ തുടർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും നടത്തിയ റെയ്ഡിലാണ് ചന്ദന മുട്ടിയും നാടൻ തോക്കും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതായും വനം വകുപ്പ് അറിയിച്ചു

സർക്കാർ ഭൂമിയിൽ നിന്നും സ്വകാര്യ ഭൂമിയിൽ നിന്നും വ്യാപകമായി ചന്ദനമോഷണം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ് അധികൃതർ റെയിഡിനെത്തിയത്. പരിശോധനയിൽ നാടൻ തോക്കും മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച ചന്ദനമര തടികളും പിടികൂടി. പാണപ്പുഴ ആലിന്റെപാറയിലെ ഒരു ഷെഡിൽ നിന്നായിരുന്നു ഇവ കണ്ടെത്തിയത്.

മൂന്ന് ചാക്കുകളിൽ പച്ചക്കറിയുടെ കൂടെയാണ് ചന്ദന മരത്തടി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും തോക്കും, മരം മുറിക്കാൻ ഉപയോഗിക്കുന്ന ആയുധവും ഒരു ബാ​ഗും കണ്ടെത്തിയിരുന്നു. പിടികൂടിയ തോക്ക് അഴിച്ചു കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു. ഇത് വനംവകുപ്പ് അധികൃതർ പരിയാരം പോലീസിന് കൈമാറി. കടന്നപ്പള്ളിപാണപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നായാട്ടുസംഘങ്ങൾ കാട്ടുപന്നിവേട്ട നടത്തുന്നത് സംബന്ധിച്ചും വനംവകുപ്പ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ചന്ദനവും തോക്കും പിടിച്ചെടുത്തത്. ഷെഡ് ഉടമയേയും അത് വാടകക്ക് എടുത്തയാളെയും ചോദ്യം ചെയ്യുമെന്ന് റെയിഞ്ച് ഓഫീസർ പറഞ്ഞു.

Post a Comment

0 Comments