നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിന്‍ സി ധാരാളം ഉള്ളതിനാല്‍ ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് ഈ കാലാവസ്ഥയില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. തണുപ്പുകാലത്തെ തുമ്മല്‍, ജലദോഷം, തൊണ്ട വേദന തുടങ്ങിയവയെ തടയാന്‍ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും. അതുവഴി വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും.
വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം പതിവായി നെല്ലിക്ക കഴിക്കുന്നത് കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
0 Comments