‘പല വിഷയങ്ങളിലും അമ്മ സംഘടന ആ ആര്‍ജവത്തോടെ നിലപാട് എടുത്തു കണ്ടിട്ടില്ല. ഈ ഇരട്ടത്താപ്പ് നയം ഒരിക്കല്‍ ചോദ്യം ചെയ്തതാണ്. അച്ഛന് തുടര്‍ച്ചയായി സഹനടന്‍, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍, ആ അവാര്‍ഡ് കുത്തക നമുക്ക് പൊളിക്കണ്ടേ എന്നു പറഞ്ഞുകൊണ്ട് മൂന്നാലു പേരു കൂടി ചേര്‍ന്നു കൂടിയതാണ് പിന്നീട് അമ്മ സംഘടനയായി പടര്‍ന്നു പന്തലിച്ചത്. സിനിമാരംഗത്തെ വലിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ അതിനോട് പ്രതികരിക്കാന്‍, തിലകനെതിരെ നടപടിയെടുക്കാന്‍ കാണിച്ച ആര്‍ജവം എന്തുകൊണ്ട് അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി കാണിക്കുന്നില്ല’- സോണിയ തിലകന്‍ ചോദിച്ചു.
എല്ലാവരെയും അവരുടെ നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നതാണ് അമ്മ സംഘടനയുടെ അജണ്ട. ജാതിയുടെ പേരില്‍ വരെ തിലകന് നേരെ ആക്ഷേപമുണ്ടായി. സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തുക വരെയുണ്ടായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് 15 അംഗ പവര്‍ കമ്മിറ്റി, വിത്ത് ഹിഡന്‍ അജണ്ട എന്ന്- സോണിയ തിലകന്‍ പറഞ്ഞു.
‘സിനിമാക്കാരിയല്ലാത്ത തനിക്ക് പോലും ദുരനുഭവം നേരിട്ടു. സിനിമയുടെ അകത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തിയായിട്ടും, മെസ്സേജുകളും റൂമിലേക്ക് ചെല്ലാനുള്ള വിളികളും എനിക്ക് വന്നെങ്കില്‍, ഇതിനകത്തുള്ള പുതുമുഖങ്ങളായാലും വലിയ നടികളായാലും ഇതൊക്കെ അനുഭവിക്കുന്നുണ്ടാകും. അതൊക്കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. സിനിമാ മേഖലയിലുള്ള പ്രമുഖ താരമായ ഒരാള്‍ തന്നെയാണ് വിളിച്ചത്. ‘അച്ഛനെ പുറത്താക്കിയതില്‍ മാപ്പുപറയണം, എനിക്ക് മോളോട് സംസാരിക്കണം എന്നു പറഞ്ഞാണ് മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്’.
മോളെന്നാണ് വിളിച്ചത്. ചെറുപ്പം മുതലേ കണ്ടിട്ടുള്ളവരാണ് അവരൊക്കെ. ഫോണിലൂടെ പറഞ്ഞാല്‍പ്പോരേ, നേരിട്ട് കാണണ്ടല്ലോ എന്നു പറഞ്ഞു. പിന്നീട് വന്ന മെസ്സേജുകളിലൂടെ ഇതിലെ ഉദ്ദേശം മോശമാണെന്ന് മനസ്സിലായി. തിലകന്റെ മരണശേഷമാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. പുള്ളിയുടെ മെസ്സേജ് കണ്ടപ്പോളേ ഉദ്ദേശം എന്താണെന്ന് മനസ്സിലാകുമല്ലോ. എനിക്ക് സിനിമയിലൊന്നും അഭിനയിക്കേണ്ട എന്നതിനാല്‍ ആ ചാപ്റ്റര്‍ അവിടെ വെച്ചു തന്നെ ക്ലോസ് ചെയ്തു’- സോണിയ തിലകന്‍ വെളിപ്പെടുത്തി.
0 Comments