കണ്ണൂര്‍: വളപട്ടണം മന്നയിലെ വൻ കവര്‍ച്ചാ കേസിൽ അയല്‍വാസിയെ പോലീസ് പിടികൂടി. നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ കെ.പി അഷ്‌റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളും കവര്‍ന്ന സംഭവത്തിലാണ് അഷ്‌റഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയല്‍വാസിയായ വെൽഡിംഗ് തൊഴിലാളി ലിജീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം
കസ്റ്റഡിയിലെടുത്തത്. പണവും ആഭരണങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ഇന്നലെ വൈകുന്നേരമാണ് അന്വേഷണസംഘം ലിജീഷിനെ കസ്റ്റഡിയിലെടുത്തത്. വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അഷ്റഫിൻ്റെ വീട്ടിൽ വെൽഡിംഗ് പ്രവൃത്തിയടക്കം ലിജീഷ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയില്‍ കല്യാണത്തിനു പോയ അഷ്‌റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കവര്‍ന്നത്. ഒരാള്‍ മാത്രമാണു മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
റൂറല്‍ എസ്പി അനുജ് പലിവാളിന്റെയും കണ്ണൂര്‍ സിറ്റി എസിപി ടി.കെ രത്‌നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
0 Comments