FLASH NEWS

6/recent/ticker-posts

ഇല്ല, വെടിനിര്‍ത്തല്‍ നടപ്പാകില്ല!! ഹമാസ് വാക്ക് തെറ്റിച്ചെന്ന് നെതന്യാഹു; കരാറില്‍ നിന്ന് ഇസ്രായേല്‍ പിന്നോട്ട്; കാരണമിത്

ടെല്‍ അവീവ്: ഗാസയില്‍ വെടിനിർത്തല്‍ കരാർ നടപ്പിലാക്കണമെങ്കില്‍ ബന്ദികളുടെ പേരുവിവരങ്ങള്‍ നല്‍കണമെന്ന ഉപാധി ഹമാസ് തെറ്റിച്ചതിനെ തുടർന്ന് വെടിനിർത്തലില്‍ നിന്ന് പിന്മാറി ഇസ്രായേല്‍.

ഹമാസ് മോചിപ്പിക്കുമെന്ന് ഉറപ്പുനല്‍കിയ ബന്ദികളുടെ പട്ടിക ലഭിക്കുന്നതുവരെ കരാറുമായി മുന്നോട്ടുപോകാൻ തയ്യാറല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയില്‍ ഇസ്രായേല്‍-ഹമാസ് വെടിനിർത്തല്‍ കരാർ പ്രാബല്യത്തിലാകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുൻപാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം.

ഹമാസ് അറിയിച്ചതുപോലെ, അവർ മോചിപ്പിക്കുന്ന ഇസ്രായേലി ബന്ദികളുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക ലഭിക്കുന്നതുവരെ വെടിനിർത്തല്‍ നടപ്പിലാകില്ല. ബന്ദികളെ മോചിപ്പിക്കുന്നതിന് 24 മണിക്കൂർ മുമ്ബെങ്കിലും ബന്ദികളുടെ പേരുകള്‍ നല്‍കണമെന്നാണ് വെടിനിർത്തല്‍ കരാറില്‍ പറയുന്നത്. എന്നാല്‍ ഇതുവരെയും ഹമാസ് അതുനല്‍കിയിട്ടില്ല. പ്രാദേശിക സമയം നാല് മണിക്കെങ്കിലും ബന്ദികളുടെ പേരുകളടങ്ങിയ പട്ടിക കൈമാറണമായിരുന്നു. കരാർ ലംഘനം ഇസ്രായേല്‍ വച്ചുപൊറുപ്പിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

ദീർഘകാലമായി ലോകം മുഴുവൻ കാത്തിരുന്ന ബന്ദിമോചനവും വെടിനിർത്തലും നടപ്പാകാൻ ഏതാനും മണിക്കൂറുകള്‍ ശേഷിക്കെയാണ് ഇസ്രായേലിന്റെ നിർണായക നീക്കം. കർശന വ്യവസ്ഥകളോടെയുള്ള വെടിനിർത്തല്‍ കരാർ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്ന പ്രഖ്യാപനമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ആദ്യ ഘട്ടത്തില്‍ 33 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കുമ്ബോള്‍ പകരമായി 2,000 പാലസ്തീൻ തടവുകാരെയാണ് ഇസ്രായേല്‍ തിരികെ നല്‍കേണ്ടത്. എന്നാല്‍ ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടാത്തതാണ് കരാർ നടപ്പിലാകില്ലെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തിന് കാരണം.

Post a Comment

0 Comments