ചിറ്റാരിപ്പറമ്പ്: കഴിഞ്ഞ ദിവസം പട്ടാപ്പകൽ കോളയാട് ടൗണിൽ വച്ച് സ്ത്രീയുടെ കഴുത്തിൽ നിന്ന് സ്വർണ മാല പൊട്ടിച്ചോടിയ പ്രതികളെ പിടികൂടി. സമർഥമായ അന്വേഷണത്തിലൂടെ കണ്ണവം പൊലീസ് മണിക്കൂറുകൾക്ക് ഉള്ളിൽ തൊണ്ടി മുതലോടെയാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കോളയാട് ചോലയിലെ മാക്കുറ്റി വീട്ടിൽ കെ കെ ഷിജിനയുടെ കഴുത്തിലുള്ള നാല് പവൻ സ്വർണ മാലയാണ് കവർന്നത്. ഷിജിന ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകുന്ന വഴി കെ എൽ 78 ബി 9232 ബൈക്കിൽ എത്തിയ പ്രതികൾ മാല പിടിച്ച് പറിച്ചെടുക്കുക ആയിരുന്നു.
കോഴിക്കോട് ലോഡ്ജിൽ വച്ചാണ് പ്രതികളായ മലപ്പുറം വാഴയൂർ പുതുക്കോട് കുഴിക്കോട്ടിൽ എ ടി ജാഫർ (38), കതിരൂർ കായലോട് റോഡിൽ പോക്കായി മുക്കിലെ ടി മുദസ്സിർ (35), പത്തനംതിട്ട മല്ലപ്പള്ളി വിളക്കുഴി താനിക്കലെ മിഥുൻ മനോജ് (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മാല വിൽക്കാൻ സഹായിച്ചയാളാണ് മിഥുൻ മാനോജ്. കൂത്തുപറമ്പ് എസിപി എം കൃഷ്ണന്റെ മേൽനോട്ടത്തിൽ കണ്ണവം സിഐ കെ വി ഉമേഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
0 Comments