FLASH NEWS

6/recent/ticker-posts

കാട്ടാന നഗരത്തിലിറങ്ങി, സുൽത്താൻ ബത്തേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു



സുൽത്താൻ ബത്തേരി നഗരത്തിൽ കാട്ടാന ഇറങ്ങിയത് കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആർപിസി 144 പ്രകാരം മാനന്തവാടി സബ് ഡിവിഷനൽ മജിസ്ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നഗരസഭയിലെ നാല്, ആറ്, ഒൻപത്, പത്ത്, 15, 23, 24, 32, 34, 35 ഡിവിഷനുകളിലാണ് നിരോധനാജ്ഞ.
വെങ്ങൂർ നോർത്ത്, വെങ്ങൂർ സൗത്ത്, അർമാട്, കോട്ടക്കുന്ന്, സത്രം കുന്ന്, കട്ടയാട്, ബത്തേരി, ചീനപ്പുല്ല്, പഴുപ്പത്തൂർ, കൈവട്ട മൂല ഡിവിഷനുകളിലാണ് പൊതുജന സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ജനസഞ്ചാരം നിയന്ത്രിച്ചിരിക്കുന്നത്.

 കാട്ടാന ഭീതി ഒഴിയുന്നത് വരെയാണ് നിരോധനാജ്ഞ. ഈ സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. പകൽ സമയത്തും, രാത്രിയും പൊതുജനം ജാഗ്രത പുലർത്തണമെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിർദേശിച്ചു.

ഇന്ന് പുലർച്ചെ നഗരത്തിലിറങ്ങിയ കാട്ടാന കാൽനടയാത്രികനെ ആക്രമിച്ചിരുന്നു. സംഭവത്തിൽ ബത്തേരി സ്വദേശി സുബൈർകുട്ടിക്കാണ് പരിക്കേറ്റത്. നഗരത്തിലൂടെ ഓടിയ ആന കാൽനടയാത്രികനായ സുബൈർകുട്ടിക്കുനേരെ ചിന്നം വിളിച്ചു പാഞ്ഞടുക്കുകയും ഇയാളെ തട്ടിത്തെറിപ്പിക്കുകയും ആയിരുന്നു. ടൗണിൽ ആക്രമണം നടത്തുന്നതിനു മുമ്പായി ആന വീടിനു നേരെയും ആക്രമണം നടത്തി. മുള്ളൻകുന്ന് അഞ്ചുമ്മൽ ഇസഹാക്കിന്റെ വീടിനു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആനയെ പിടികൂടി ഭീതി അകറ്റണമെന്ന് നഗരവാസികൾ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി കാട്ടന ഇറങ്ങി ആക്രമണം നടത്തിയതോടെ അക്ഷരാർഥത്തിൽ ഭീതിയിലായിരിക്കുകയാണ് നഗരവാസികൾ. ടൗണിൽ മതിൽ തകർക്കുകയും ആളെ തുമ്പികൈകൊണ്ട് തട്ടിയെറിയുകയും ചെയ്തതോടെ കുട്ടികളെ സ്‌കൂളിൽ വിടാൻ വരെ പലർക്കും ഭീതിയായിരിക്കുകയാണ്. മൂന്നു ദിവസം മുമ്പ് കട്ടയാട് ഭാഗത്ത് ഇതേ ആന എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.

Post a Comment

0 Comments