പരിയാരം: കണ്ണൂർ പരിയാരത്ത് വൻ കവർച്ച. വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങളും പണവും രേഖകളും മോഷണം പോയി. വീട്ടുകാർ രാത്രിയിൽ നബിദിന പരിപാടികൾക്ക് പോയ സമയത്തായിരുന്നു കവർച്ച. ചിതപ്പിലെപൊയിൽ പളുങ്കുബസാറിലെ അബ്ദുളളയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണാഭരണങ്ങളും പതിനയ്യായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്ടാക്കള്‍ കൈക്കലാക്കി. അബ്ദുളളയും കുടുംബവും രാത്രി എട്ട് മണിയോടെ നബിദിന ആഘോഷ പരിപാടിക്ക് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീടിന്‍റെ പുറകുവശത്തെ ജനലിന്‍റെ കമ്പി കട്ടർ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. അലമാര കുത്തിത്തുറന്ന മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ എത്തിയ ഭാഗത്തുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.
പൊലീസെത്തി സിസിടിവി പരിശോധിച്ചു. ഗ്യാസ് കട്ടർ കൊണ്ട് മുറിക്കുമ്പോഴുളള തീപ്പൊരി മാത്രം ദൃശ്യങ്ങളിൽ കാണാം. വീട്ടുകാർ പളളിയിലേക്ക് പോയ വിവരം കൃത്യമായി അറിയുന്നവരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
0 Comments