കണ്ണൂർ : പയ്യാമ്പലം മേഖലയിലെ തീരദേശ നിവാസികൾക്ക് ആശ്വാസമായി പുലിമുട്ട് നിർമാണം പുരോഗമിക്കുന്നു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 4.65 കോടി രൂപയ്ക്കാണ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത് നടത്തുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി.
കടൽക്ഷോഭത്തിനിടെ വീടുകളിൽ വെള്ളം കയറുന്നതിനാൽ ചാലാട്, പള്ളിയാംമൂല, പഞ്ഞിക്കീയിൽ, പയ്യാമ്പലം മേഖലയിലെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടുന്നത് പതിവായിരുന്നു. പയ്യാമ്പലം ബീച്ചിന്റെ വടക്കു കിഴക്ക് ഭാഗത്ത് 280 മീറ്റർ പുലിമുട്ട് നിർമിക്കുന്നതോടെ ഇതിന് പരിഹാരമാകും.
പദ്ധതിയുടെ ഭാഗമായി താൽക്കാലിക റോഡ് നിർമിച്ചിട്ടുണ്ട്. ബീച്ചിന്റെ പ്രവേശന കവാടം മുതൽ പുലിമുട്ട് നിർമിക്കുന്ന ഭാഗം വരെ 300 മീറ്റർ റോഡ് പണിതിട്ടുണ്ട്. നിക്ഷേപിക്കുന്ന കരിങ്കല്ലിന്റെ ഭാരം കണക്കാക്കാനുള്ള വേ ബ്രിജ് നിർമിക്കും.
0 Comments