FLASH NEWS

6/recent/ticker-posts

പൊന്നെയ്ത് വീഴ്ത്തിയത് ചരിത്രത്തിലേക്ക്; അമ്പെയ്ത്ത് മിക്‌സഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഹാങ്ചൗ: ചരിത്രം കുറിച്ച് ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമെന്ന ചരിത്രത്തിലേക്ക് ഇന്ത്യ നടന്നുകയറിയത് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീണ്‍ സഖ്യമാണ് ഒന്നാമതെത്തിയത്. 

അമ്പെയ്ത്തില്‍ കൊറിയയെ തകര്‍ത്താണ് ഇന്ത്യ സ്വര്‍ണം നേടിയത്. കൊറിയയുടെ സോ ചെവോണ്‍-ജൂ ഹൂണ്‍ സഖ്യത്തെ 159-158 എന്ന സ്‌കോറിന് ഇന്ത്യ മറികടന്നു. ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തേ 35 കിലോമീറ്റര്‍ നടത്തത്തില്‍ ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. രാം ബാബു-മഞ്ജു റാണി സഖ്യമാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. 

ഇതോടെ 16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഉള്‍പ്പടെ 71 മെഡല്‍ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ ഒരു ഏഷ്യന്‍ ഗെയിംസ് എഡിഷനിലെ സര്‍വകാല റെക്കോര്‍ഡാണിത്. 2018ല്‍ ജക്കാര്‍ത്തയില്‍ നേടിയ ഇന്ത്യ നേടിയ 70 മെഡലുകളെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായത്. ഒരു സ്വര്‍ണ മെഡല്‍ കൂടി നേടിയാല്‍ ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണക്കൊയ്ത്ത് എന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാകും. ജക്കാര്‍ത്തയില്‍ നേടിയ 16 സ്വര്‍ണ്ണമാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സുവര്‍ണ്ണനേട്ടം. മെഡല്‍പട്ടികയില്‍ ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയില്‍ ഒന്നാമത്. 


Post a Comment

0 Comments